അബുദാബി: അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയായ സൗദി അരാംകോയും ഇന്ത്യയില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
മഹാരാഷ്ട്രയിലെ രത്നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ലക്സിലാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയായ സൗദി അരാംകോയും മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുക. ഇന്ത്യയിലെ പെട്രോളിയം പ്രകൃതിവാതക മേഖലയില്‍ ഒരു വിദേശരാജ്യം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.
ദിനംപ്രതി 12 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സംസ്കരണ ശേഷിയുള്ളതാണ് രത്നഗിരി റിഫൈനറി. അഡ്നോക്കിനും സൗദി അരാംകോക്കുമായി റിഫൈനറിയുടെ 50 ശതമാനം ഓഹരിയാണ് ലഭിക്കുക. ഇന്ത്യന്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് എന്നിവയ്ക്കാണ് ബാക്കിയുള്ള ഓഹരികള്‍.
യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും സഹകരണ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഡല്‍ഹിയിലെത്തിയിരിക്കുന്നത്. മന്ത്രിയും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, കേന്ദ്ര പെട്രോളിയംപ്രകൃതിവാതകമന്ത്രി ധര്‍മേന്ദ്ര പ്രധാന്, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഈ മാസം 30 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.