ന്യൂഡല്‍ഹി: ഡിഎംആര്‍സി ജീവനക്കാര്‍ ഇന്ന് മുതല്‍ നടത്താനിരുന്ന പണിമുടക്കിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ഡിഎംആര്‍സി ഹൈക്കോടതിയില്‍ നല്കിയ അടിയന്തര ഹര്‍ജിയിലാണ് ഉത്തരവ്. ജീവനക്കാരുടെ പണിമുടക്ക് ന്യായമല്ലെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പണിമുടക്ക് നോട്ടീസ് നല്‍കിയില്ലെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച കോടതി അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ പണിമുടക്ക് നടത്തരുതെന്നും ഉത്തരവിട്ടു.
ഇതോടെ സര്‍വീസുകള്‍ തടസമില്ലാതെ നടക്കും. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഡിഎംആര്‍സിയിലെ ഒരു കൂട്ടം ജീവനക്കാര്‍ ഇന്ന് മുതല്‍ സമരം നടത്താനൊരുങ്ങിയത്. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന് കണ്ട്രോളര്മാര്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കാളികളാകാനിരുന്നത്. ജൂണ്‍ 19ന് ഇതേ ആവശ്യങ്ങളുന്നയിച്ച് സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇത് എല്ലാ മെട്രോ സര്‍വീസുകളെയും സാരമായി ബാധിച്ചിരുന്നു.