വയനാട്: താമരശേരി ചുരം വഴിയുള്ള ചരക്ക് വാഹന നിയന്ത്രണത്തെ തുടര്‍ന്ന് വയനാട്ടിലെ വ്യവസായ നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി. നിയന്ത്രണം നിലവില്‍ വന്നതിന് ശേഷം ജില്ലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലയേറുകയാണ്.
ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്നാണ് ചരക്കു ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോട് നിന്ന് താമരശേരി ചുരം വഴി എത്തിയിരുന്ന ലോറികള്‍ ഇപ്പോള്‍ കുറ്റ്യാടി ചുരം വഴിയാണ് വയനാട്ടിലേക്കെത്തുന്നത്.
കോഴിക്കോട് ജില്ലയിലെ അരീക്കോട് നിന്നാണ് വയനാട്ടിലേക്ക് കൂടുതലായും മണലും മെറ്റലുമെത്തുന്നത്. കുറ്റ്യാടി ചുരം വഴിയെത്തുമ്പോള്‍ ലോറി വാടക കുത്തനെ കൂടും. ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. മണലിനും മെറ്റലിനും ലോഡൊന്നിന് 1500 മുതല്‍ 3000 രൂപ വരെ അധികം ചെലവാക്കേണ്ട അവസ്ഥയാണിപ്പോള്‍. മണല്‍, സിമെന്റ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ച് തുടങ്ങി. അരിയും പച്ചക്കറിയും കൃത്യമായി എത്താത്തത് വ്യാപാര മേഖലയ്ക്കും ആഘാതമായി.
മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വരവും പലപ്പോഴും കൃത്യമായി നടക്കുന്നില്ല. വയനാട്ടിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ബദല്‍ റോഡ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.