ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡയമണ്ട് ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന സ്ഥലമാണ് സൂറത്ത്. ഡയമണ്ടിന്റെ കട്ടിങ്ങും പോളിഷിങും എല്ലാം നടത്താനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഇപ്പോള്‍ ഡയമണ്ടിന്റെ പേരിലുള്ള ഒരു ഗിന്നസ് റെക്കോര്‍ഡാണ് സൂറത്തിനെ തേടി വന്നിരിക്കുന്നത്. ഇവിടുത്തെ രണ്ട് രത്ന വ്യാപാരികളുടെ പ്രയത്നത്തിലൂടെ ഏറ്റവും കൂടുതല്‍ ഡയമണ്ടുകള്‍ പതിച്ച മോതിരമെന്ന റെക്കോര്‍ഡാണ് നേടിയിരിക്കുന്നത്.
വിശാല്‍ അഗര്‍വാള്‍, ഖുശ്ബു അഗര്‍വാള്‍ എന്നിവരാണ് അത്ഭുത മോതിരം പണിതിരിക്കുന്നത്. 6690 ഡയമണ്ടുകളാണ് ഈ ഒരൊറ്റ മോതിരത്തില്‍ മാത്രമായി ഇവര്‍ ക്രമീകരിച്ചിരിക്കുന്നത്. 18 കാരറ്റ് റോസ് ഗോള്‍ഡിലാണ് ഡയമണ്ട് പതിപ്പിച്ചിരിക്കുന്നത്. ഒരു കൊച്ചു താമരയുടെ രൂപമാണിതിന്. 48 ഇതളുകളാണ് ഡയമണ്ട് താമരക്കുള്ളത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രേഖകള്‍ പ്രകാരം 28 കോടിയാണ് ഈ ഡയമണ്ട് താമര മോതിരത്തിന്റെ വില.
ജലസംരക്ഷണം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇതിന്റെ നിര്‍മാതാക്കള്‍ ഈ മോതിരം ഉണ്ടാക്കുന്നത്. ഇന്ത്യയുടെ ദേശീയ പുഷ്പമായതിനാലാണ് താമര എന്ന രൂപം തെരഞ്ഞെടുത്തെതെന്നും, താമര ജലലോകത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന പുഷ്പമാണെന്നും വിശാലും ഖുശ്ബുവും പറയുന്നു.
https://t.co/0FLkEpjtiZ pic.twitter.com/Mmdcv4SZ5g
— Guinness World Records 2021 Out Now (@GWR) June 30, 2018