കോട്ടയം: സീറോ മലബാര്‍ സഭ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ ഉറച്ചു നില്ക്കുന്നതായി കന്യാസ്ത്രീ. സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതാണ് നിയമ നടപടികളിലേക്ക് നീങ്ങാന്‍ കാരണമെന്ന് കന്യാസ്ത്രീ പറയുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നേതൃത്വത്തിന് പരാതി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. വിഷയം സഭയ്ക്കുള്ളില്‍ ഒതുക്കി നിര്‍ത്തുകയായിരുന്നു. പരസ്യ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കിയ പരാതിക്കാരിയായ കന്യാസ്ത്രീ കാര്യങ്ങള്‍ അറിയിക്കേണ്ടെവരെ അറിയിച്ചെന്നാണ് പറഞ്ഞത്.
2014 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പിന്നീട് പലതവണ കോട്ടയം കുറവിലങ്ങാട്ടെ മഠത്തിനു സമീപത്തെ ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ ബിഷപ്പ് നിഷേധിച്ചു. അച്ചടക്ക നടപടിയെടുത്തതിലുള്ള വൈരാഗ്യം കന്യാസ്ത്രീക്ക് തന്നോടുണ്ടെന്ന് പൊലീസിന് നല്കിയ പരാതിയില്‍ ബിഷപ്പ് പറഞ്ഞിരുന്നു. രണ്ടു പരാതികളും ഗൗരവമായാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മൂന്ന് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സഭ ഇപ്പോഴും മൗനം പാലിക്കുകയാണ്.