India

എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം; പ്രതിഷേധം ശക്തമാകുന്നു

മുംബൈ: മധ്യപ്രദേശിലെ മന്ദ്‌സൗരില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ഇന്‍ഡോറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ പെണ്‍കുട്ടിക്ക് രണ്ട് സര്‍ജറികള്‍ നടത്തി. ഇതിന് ശേഷം കുട്ടിയുടെ നിലയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സ്‌കൂള്‍ വിട്ടതിനു ശേഷം അച്ഛനെ കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയും ഇതിന് ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. കഴുത്തില്‍ മുറിവുണ്ടാക്കിയാണ് ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്.

സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇര്‍ഫാന്‍(20), ആസിഫ്(24) എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇര്‍ഫാനെ ചൊവ്വാഴ്ചയും ആസിഫിനെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്.

അതേസമയം പ്രദേശത്താകെ സംഭവത്തിനെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്ന ആവശ്യവുമായി സംഭവം നടന്ന മന്ദ്‌സൗറില്‍ കഴിഞ്ഞ ദിവസം ബന്ദ് ആചരിച്ചു. ഇതിന് പുറമെ സമീപ പ്രദേശങ്ങളായ നീമുച്ചിലും ബന്ദിന്റെ പ്രതീതിയാണ്. പിപ്ലിയാമന്ദി, ഗരോത്ത്, നര്യന്‍പുര, ജവോര, ഇന്‍ഡോര്‍, ദേവാസ്, അഗര്‍ മാല്‍വ എന്നീ നഗരങ്ങളിലെല്ലാം കുറ്റവാളികള്‍ക്കെതിരെയുള്ള കനത്ത പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പ്രതികളെ തൂക്കിക്കൊല്ലണമെന്നും അവര്‍ക്ക് മതമില്ലെന്നും കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ അവിടുത്തെ മുസ്ലീം സമൂഹത്തിന്റെ ഇമാം ആവശ്യപ്പെട്ടു.

കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെങ്കിലും മാനസിക സ്ഥിതിയില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

പീഡനം നടത്തിയവര്‍ സമൂഹത്തിന് ഒരു ബാധ്യതയാണെന്നും അവര്‍ക്ക് ജീവിക്കാനുള്ള അര്‍ഹതയില്ലെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്. അതിവേഗ കോടതിയിലൂടെ പ്രതികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ ഉറപ്പാക്കും.

പെണ്‍കുട്ടിക്ക് എല്ലാ വിധ ചികിത്സാ സഹായങ്ങളും നല്‍കും. അവളുടെ പഠനവും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമെല്ലാം എല്ലാ വിധ സഹായങ്ങളും നല്‍കും. ആ പെണ്‍കുട്ടി ഈ സംസ്ഥാനത്തിന്റെ മകളാണ്. എന്റെ മകളാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ അവള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close