ഇടുക്കി: ജോയിസ് ജോര്‍ജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ കയേറ്റ ഭൂമിയിടെ പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കാന്‍ ഇടുക്കി ജില്ല കളക്ടറുടെ ഉത്തരവ്. വിഷയത്തില്‍ ദേവികുളം സബ് കളകടറോട് വിശദീകരണവും തേടിയിട്ടുണ്ട്.
ജോയിസ് ജോര്‍ജ് എംപിയും കുടുംബവും കൊട്ടക്കാമ്പുര്‍ ബ്ലോക്ക് 58ല്‍ കയ്യേറിയ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കളക്ടറുടെ നടപടി പുന:പരിശോധിക്കാനാണ് കളക്ടര്‍ ജി.ആര് ഗോകുല്‍ ഉത്തരവിട്ടിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സബ് കളകടര്‍ പട്ടയം റദ്ദാക്കിയതെന്നും സബ് കളക്ടര്‍ക്ക് നിയമ നടപടികളെക്കുറിച്ച് അറിയില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
സബ് കളക്ടര്‍ വി.ആര് പ്രേം കുമാര്‍ ഒരു വട്ടം കൂടി ഇതു സംബന്ധിച്ച നിയമ നടപടികള്‍ ആവര്‍ത്തിക്കണം. പരാതിക്കാരന് സാമാന്യ നീതി നിഷേധിച്ചതായും ഹാജരാകാന്‍ പറഞ്ഞ ദിവസം എം.പി. ജോയിസ് ജോര്‍ജ് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ആയിരുന്നു എന്ന അറിയിപ്പ് സബ് കളക്ടര്‍ പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പട്ടയം റദ്ദാക്കല്‍ വിഷയത്തില്‍ പുനരന്വേഷണം നടത്തി ഹര്‍ജിക്കാരായ എം.പിയുടെയും കുടുംബത്തിന്റെയും വാദങ്ങള്‍ വീണ്ടും കേട്ട് എട്ടാഴ്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
ഈ ഉത്തരവ് എം.പിക്ക് ആശ്വാസം നല്കുന്നതാണെങ്കിലും പട്ടയം റദ്ദാക്കിയ നടപടി തള്ളണമെന്ന ജോയിസ് ജോര്‍ജിന്റെ ആവശ്യം കളക്ടര്‍ അംഗീകരിച്ചില്ല. കളക്ടര്‍ ജി.ആര് ഗോകുല്‍ അഞ്ചു വര്‍ഷം അവധിയില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിലൂടെ എം.പിയുടെ പട്ടയം റദ്ദാക്കല്‍ സംബന്ധിച്ച തീരുമാനം അനന്തമായി നീട്ടാന്‍ സര്‍ക്കാരിനാകും.