അബുദാബി: ഭാവി ശുദ്ധജല പദ്ധതിയുടെ ഭാഗമായി അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള മഞ്ഞ് മല യു.എ.ഇയിലെത്തിക്കും. ശാസ്ത്രജ്ഞര്‍, വിദഗ്ധര്‍, അന്റാര്‍ട്ടിക്കയിലെ ഭൂമിശാസ്ത്രകാരന്മാര്, ജല പര്യവേഷകര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വ്വകലാശാലകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടക്കുന്നത്.
കുറഞ്ഞ നിരക്കില്‍ മഞ്ഞ് പാളികള്‍ യു.എ.ഇ തീരത്തെത്തുന്നത് വരെ അലിഞ്ഞ് പോകാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് എത്തിക്കുക. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയെക്കുറിച്ചും അതിന്റെ സംവിധാനത്തെക്കുറിച്ചും വിശദമാക്കും. 5060 ദശലക്ഷം യു.എസ് ഡോളറാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. 2019 പകുതിയോടെ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമാവും.
ഇതിന്റെ ഭാഗമായി നാഷണല്‍ അഡ്വെെസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റും പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതിയുടെ ഓരോ ഘട്ടങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള സംവിധാനമാണ് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്.
സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ വെബ്സൈറ്റില്‍ ശുദ്ധജല ദൗര്‍ലഭ്യമനുഭവിക്കുന്ന രാജ്യങ്ങളിലെ ജീവിതം, വരള്‍ച്ച തടയാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്. യു.എ.ഇയിലേക്കുള്ള ഭാവി ശുദ്ധജല മാര്‍ഗമെന്നോണമാണ് അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള വലിയ ഹിമപാളികള്‍ കടല്‍മാര്‍ഗം കൊണ്ടുവരുന്ന പദ്ധതി കണക്കാക്കപ്പെടുന്നത്.