ചെന്നെെ; സ്വര്‍ണ്ണം പണയം വച്ച് എടുത്ത വായ്പ തുകയില്‍ ഒരു രൂപ കൂടി തിരിച്ച് അടക്കാനുണ്ടെന്ന കാരണം പറഞ്ഞ് പണയ സ്വര്‍ണം തിരിച്ചു നല്‍കാതെ ബാങ്ക് അധികൃതര്‍. ഒരു രൂപ കുടിശ്ശിക ഉന്നയിച്ച് 138 ഗ്രാം സ്വര്‍ണ്ണമാണ്(17 പവന്) ഉടമസ്ഥന് തിരികെ കൊടുക്കാത്തത്. തമിഴ്നാട് കാഞ്ചീപുരത്തെ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെയാണ് പരാതി. സംഭവത്തില്‍ ബാങ്കിന്റെ പല്ലാവുരം ബ്രാഞ്ചിനെതിരെ കുമാര്‍ എന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
2010 ഏപ്രിലിലാണ് കുമാര്‍ സ്വര്‍ണ്ണം ഈടു നല്കി ബാങ്കില്‍ നിന്നും പണമെടുത്തത്. 3.50 ലക്ഷം രൂപ മൂല്യമുണ്ടായിരുന്ന സ്വര്‍ണം 1.23 ലക്ഷം രൂപക്കാണ് പണയപ്പെടുത്തിയത്. തുടര്‍ന്ന് എടുത്ത തുക പലിശ സഹിതം അടച്ച് സ്വര്‍ണം തിരികെ എടുക്കാന്‍ ബാങ്കിനെ സമീപിച്ചു.
എന്നാല്‍ വായ്പ എടുത്ത തുകയില്‍ ഒരു രൂപ കൂടി തിരികെ അടക്കാനുണ്ടെന്ന കാരണം പറഞ്ഞ് സ്വര്‍ണം തിരികെ നല്കാന് ബാങ്ക് അധികൃതര്‍ തയാറായില്ല. ഉടനെ തന്നെ ഒരു രൂപ തിരിച്ചടക്കാന്‍ കുമാര്‍ തയാറായെങ്കിലും ഇത് സ്വീകരിക്കാന്‍ ബാങ്ക് വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്.
വിഷയത്തില്‍ പരാതിക്കാരന്റെ വാദം കേട്ട കോടതി ബാങ്ക് അധികൃതരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.