കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതിനെതിരെ മാര്‍പ്പാപ്പയ്ക്കും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയപ്പോള് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കയ്യൊഴിഞ്ഞതിനെത്തുടര്‍ന്നാണ് മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയതെന്ന് കന്യാസ്ത്രീ മൊഴിയില്‍ പറഞ്ഞു. ആരോപണ വിധേയനായ ബിഷപ്പ് ലത്തീന്‍ പ്രതിനിധിയായതിനാല്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു കര്‍ദിനാളിന്റെ നിലപാട്. തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിയുടെ സഹായത്താല്‍ ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയതെന്നും പരാതിക്കാരിയായ കന്യാസ്ത്രീ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ പറഞ്ഞു.
അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്നു കാട്ടി കന്യാസ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്ന വാദം സീറോമലബാര്‍ സഭാധ്യക്ഷന് മാര്‍ ജോര്‍ജ് ആലഞ്ചേരി നിഷേധിച്ചു. മഠത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും രേഖാമൂലം പരാതി നല്‍കിയിട്ടില്ലന്നുമാണ് ആലഞ്ചേരി പ്രതികരിച്ചത്. പീഡനം നടന്നെങ്കില്‍ പൊലിസ് അന്വേഷിക്കട്ടെ എന്നും ആലഞ്ചേരി അഭിപ്രായപ്പെട്ടു.