കൊച്ചി:ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക അപവാദക്കേസില്‍ നാല് വൈദികരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്, ഫാദര്‍ ജെയ്സ് കെ ജോര്‍ജ്, ഫാദര്‍ ജോബ് മാത്യു, ഫാദര്‍ ജോണ്സണ് മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗമടക്കം രണ്ടു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുവതിയുടെ ഭര്‍ത്താവാണ് ആദ്യം പരാതിയുമായി രംഗത്ത് വരുന്നത്. നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ അഞ്ച് വൈദികര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി സത്യവാങ്മൂലം നല്‍കിയിരുന്നു. പരാതിക്കൊപ്പമാണ് സത്യവാങ്മൂലം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഭ വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. വികാരി എന്ന ചുമതലകളില്‍ നിന്ന് ഇവര്‍ക്ക് താത്കാലികമായി വിലക്കേര്‍പ്പെടുത്തിയിരുന്നു.
കേസില്‍ യുവതിയുടെയും പരാതിക്കാരന്റെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009ല്‍ ജോബ് മാത്യുവിന് മുന്പില് യുവതി കുമ്പസാരം നടത്തിയിരുന്നു. ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് ഇയാള്‍ ഈ വിവരം പ്രതികളായ മറ്റു വൈദികരുമായും പങ്കുവയ്ക്കുകയും തുടര്‍ന്ന് അവരും ലൈംഗികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴിയില്‍ പറയുന്നത്.
ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവാണ് കേസ് അന്വേഷിക്കുന്നത്.