സത്യമപ്രിയം

ഇവരോട് ക്ഷമിക്കേണമേ!

സത്യമപ്രിയം- ജികെ സുരേഷ് ബാബു

കഴിഞ്ഞദിവസം വാട്‌സാപ്പില്‍ വന്ന ഒരു സന്ദേശം ഒരു ക്രിസ്തീയ യുവതിയുടെ വൈവാഹിക പരസ്യമായിരുന്നു. വിദ്യാസമ്പന്നയായ ഇതുവരെ കുമ്പസരിച്ചിട്ടില്ലാത്ത യുവതിക്ക് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു എന്നതായിരുന്നു പരസ്യം. ഒട്ട് അതിശയോക്തിപരമാണെങ്കിലും ക്രൈസ്തവ സഭകളില്‍ നടക്കുന്ന ആര്‍ക്കും ക്ഷമിക്കാനാകാത്ത, കര്‍ത്താവ് പോലും പൊറുക്കാത്ത നിഷ്ഠൂരമായ ചൂഷണത്തിന്റെയും പീഡനത്തിന്റെയും സൂചനകളാണ് ഇത്. കുമ്പസാര രഹസ്യം വച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ അഞ്ച് വൈദികര്‍ ഒരു സ്ത്രീയെ, കുഞ്ഞാടിനെ, ഇരയാക്കി പീഡിപ്പിച്ചതിന്റെ ദൈന്യചിത്രം ക്രിസ്തുദേവനെ കുരിശിലേറ്റിയതിലും ദുഃഖകരവും ഹീനവുമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ഇത് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് പഞ്ചാബിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്തതായി കുറവിലങ്ങാട്ടുള്ള മഠത്തിലെ കന്യാസ്ത്രീ പരാതിയുമായി രംഗത്തു വന്നത്. സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് നിയമനടപടികളിലേക്ക് നീങ്ങിയതെന്ന് അവര്‍ പറഞ്ഞു. പീഡനത്തെ എതിര്‍ത്തപ്പോള്‍ തന്നെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു എന്നും മഠത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി. പരസ്യപ്രതികരണത്തിനോ സംഘര്‍ഷത്തിനോ ഇല്ലെന്ന് വ്യക്തമാക്കിയ കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനശ്രമങ്ങള്‍ നേരത്തെ സഭാ നേതൃത്വത്തെ അറിയിച്ചിരുന്നു എന്ന കാര്യവും വ്യക്തമാക്കുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ 2014 മുതല്‍ 2016 വരെയുള്ള രണ്ടുവര്‍ഷം നിരവധി തവണ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതായി പറയുന്നു. ബിഷപ്പ് പീഡിപ്പിച്ചതായ പരാതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കാണ് നല്‍കിയത്. എന്നാല്‍ ഇത്തരമൊരു പരാതി കിട്ടിയപ്പോള്‍ അന്വേഷിക്കാനും നടപടി എടുക്കാനും ഉത്തരവാദിത്വപ്പെട്ട കര്‍ദ്ദിനാള്‍ സംഭവം മൂടിവെയ്ക്കാനും സഭയ്ക്കുള്ളില്‍ ഒത്തുതീര്‍പ്പിലൂടെ ഒതുക്കാനുമാണ് ശ്രമിച്ചതെന്ന് കന്യാസ്ത്രീ പറഞ്ഞു.

കന്യാസ്ത്രീക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതിലുള്ള പ്രതികാരമാണ് പരാതിക്ക് പിന്നിലെന്ന് ജലന്ധര്‍ രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി. മഠത്തിലെ നാലു കന്യാസ്ത്രീകളും അവരുടെ ബന്ധുക്കളായ നാലുപേരും ചേര്‍ന്ന് ബിഷപ്പിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതായും പി.ആര്‍.ഒ പറയുന്നു. സംഭവത്തില്‍ കന്യാസ്ത്രീ പരാതി നല്‍കേണ്ടിയിരുന്നത് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് ആയിരുന്നു എന്നാണ് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് പറയുന്നത്. പരാതി എത്തിയ സാഹചര്യം അറിയില്ല. ക്രിസ്തീയ സഭകള്‍ക്ക് ഇത് നാണക്കേടാണ്.

നാലുവര്‍ഷമായിട്ടും കന്യാസ്ത്രീയുടെ പരാതിയില്‍ നടപടി ഉണ്ടാകാതെ പോയത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് കിട്ടിയ പരാതിയില്‍ അദ്ദേഹത്തിന് നടപടി എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ പരാതി വത്തിക്കാന്‍ പ്രതിനിധിയ്ക്ക് അയച്ചുകൊടുക്കുന്നതില്‍ എന്ത് തടസ്സമാണ് ഉണ്ടായിരുന്നത്. സ്ത്രീപീഡനത്തിന്റെ പരാതി കിട്ടിയാല്‍ അഞ്ച് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ അധികാരസ്ഥാനത്തുള്ള മേധാവി നടപടി എടുക്കണമെന്നത് വൈശാഖ കേസിന്റെ വിധിയില്‍ സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ആ തരത്തില്‍ നടപടി എടുക്കാത്ത ആലഞ്ചേരി പിതാവ് ഭൂമിയിടപാടിന് പിന്നാലെ ഈ കേസിലും പ്രതിയാകുമെന്നതാണ് പ്രശ്‌നം.

കന്യാസ്ത്രീകള്‍ ക്രിസ്തുവിന്റെ മണവാട്ടികളാണ്. അവരെ ആ രീതിയില്‍ ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുന്ന വൈദികസമൂഹത്തിനെതിരെ നടപടിയുണ്ടാകണം. കേരളത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമല്ല. സിസ്റ്റര്‍ അഭയ കേസ് കന്യാസ്ത്രീ മഠങ്ങളില്‍ എന്ത് നടക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേസില്‍ ഉള്‍പ്പെട്ട പുരോഹിതന്മാരെ രക്ഷിക്കാന്‍, തെളിവ് നശിപ്പിക്കാന്‍, അന്വേഷണം വഴിമുട്ടിക്കാന്‍ കേരളാ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതാക്കളും ഭരണകര്‍ത്താക്കളും നടത്തിയ ഹീനമായ ശ്രമങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഭയയുടെ വസ്ത്രങ്ങള്‍ പോലും നശിപ്പിച്ച് തെളിവുകള്‍ ഇല്ലാതാക്കിയ പുരോഹിതരുടെ പ്രതിനിധികള്‍ തന്നെയാണ് ഇപ്പോള്‍ കന്യാസ്ത്രീയെ വേട്ടയാടുന്നതിന് പിന്നിലെന്നും കാണാം. ഇക്കാര്യങ്ങളില്‍ ശക്തമായ അന്വേഷണമോ നടപടികളോ ഉണ്ടാകില്ല. കാരണം വോട്ടുബാങ്ക് രാഷ്ട്രീയം തന്നെയാണ്. വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെയും കഴിഞ്ഞ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെയും പേരില്‍ ഈ കേസും തേച്ച് മായ്ക്കപ്പെടും എന്നകാര്യത്തില്‍ സംശയമില്ല. അതിന്റെ സൂചനകളും അടിയൊഴുക്കുകളും വ്യക്തമാണ്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആസിഫയ്ക്ക് നീതി തേടി പ്രകടനം നടത്തിയ ആളാണ്. പ്രകടനം നടത്തുമ്പോഴും ഒരു കന്യാസ്ത്രീയുടെ പരാതി അദ്ദേഹത്തിനെതിരെ നിലനിൽക്കുകയായിരുന്നു. ആസിഫയ്ക്ക് അദ്ദേഹം തേടിയ നീതി ഈ കന്യാസ്ത്രീയ്ക്ക് നൽകാൻ സഭ തയ്യാറാവുമോ എന്നതാണ് പ്രശ്നം.

കന്യാസ്ത്രീമഠത്തില്‍ എന്തുസംഭവിക്കുന്നു എന്നതിനെ കുറിച്ച് സഭാവസ്ത്രം ഊരിയെറിഞ്ഞ് സ്വതന്ത്രരായവര്‍ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞിട്ടുണ്ട്. തൃശ്ശൂര്‍ വിമലാ കോളേജ് അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ ജെസ്മി മഠത്തില്‍നിന്ന് പുറത്തുവന്നതിന് ശേഷം എഴുതിയ ‘ആമേന്‍’ പുരോഹിതശ്രേഷ്ഠന്മാരുടെയും സഭാനേതൃത്വത്തിന്റെയും നിഗൂഢമായ നിക്ഷിപ്ത താല്പര്യങ്ങളും ക്രിസ്തുദേവനെ വീണ്ടും കുരിശിലേറ്റുന്നതും 30 വെള്ളിക്കാശിനുവേണ്ടി വീണ്ടും വീണ്ടും വില്‍ക്കുന്നതും തുറന്നടിച്ചു. പക്ഷേ, സഭ നന്നായില്ല.

എന്നില്‍ വിശ്വസിക്കാത്തവന്‍ പാപിയാകുന്നു എന്നുപറഞ്ഞ് സ്വന്തം മതവിശ്വാസം മാത്രമാണ് ശരിയെന്നും ബാക്കി എല്ലാ മതങ്ങളും വിശ്വാസങ്ങളും തെറ്റാണെന്നും പറഞ്ഞ് മരണക്കിടക്കയില്‍ കിടക്കുന്നവനെ പോലും ആതുരസേവനത്തിന്റെ മറവില്‍ മാമോദീസ മുക്കുന്ന ക്രൈസ്തവ സഭകള്‍ എന്നാണ് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ പറഞ്ഞ യേശുക്രിസ്തുവിനെ എന്നാണ് മനസ്സിലാക്കുക. ലോകത്തിന്റെ പലഭാഗങ്ങളിലും, ഇംഗ്ലണ്ടിലും യൂറോപ്പിലും അടക്കം പള്ളികള്‍ പൂട്ടുകയും വിശ്വാസികള്‍ ഇതരമതങ്ങളിലേക്ക് ചേക്കേറുകയും ചെയ്യുമ്പോള്‍ ലോകത്തെ മുഴുവന്‍ സുവിശേഷവത്കരിക്കാനും ക്രൈസ്തവരാക്കാനും നടത്തുന്ന ആള്‍പ്പിടിയന്‍, ഇരപിടിയന്‍ മനോഭാവത്തെ ക്രിസ്തുവിന്റെ സ്‌നേഹവുമായി തുലനം ചെയ്യാന്‍ കഴിയുമോ എന്ന് ഇനിയെങ്കിലും സഭാനേതൃത്വം ആലോചിക്കണം. പന്ത്രണ്ടായിരം വൈദികരും ഇരുപതിനായിരം കന്യാസ്ത്രീകളും ഇന്ന് സുവിശേഷവേലകള്‍ക്കായി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നു. ഇവരില്‍ ഏറിയപങ്കും ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമാണ്. മതത്തെ അറിഞ്ഞ് ആശയത്തിന്റെയും ദര്‍ശനത്തിന്റെയും പേരില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നത് തെറ്റല്ല. ചോളപ്പൊടിയും പുകയിലയും സാമ്പത്തിക സഹായവും പിന്നെ അടുത്തിടെ ഒരു ഇംഗ്ലീഷ് വാരികയില്‍ വന്നതുപോലെ മരംകൊണ്ടുള്ള കുരിശും കല്ലുകൊണ്ടുള്ള കൃഷ്ണവിഗ്രഹവും പുഴയിലിട്ട് ശക്തിയുള്ളത് പൊങ്ങിക്കിടക്കുമെന്ന് പറഞ്ഞ് നിരക്ഷരരായ വനവാസികളെ പറ്റിക്കുന്നത് അടക്കമുള്ള മതപരിവര്‍ത്തന സമ്പ്രദായവും അവസാനിക്കണം. ജസ്റ്റിസ് കെ.ടി. തോമസും ജോസഫ് പുലിക്കുന്നേലും അടക്കമുള്ള ഉല്പതിഷ്ണുക്കളായ, ആര്‍ജ്ജവമുള്ള ക്രൈസ്തവ പ്രതിഭകള്‍ ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയതാണ്.

മറിയക്കുട്ടി കൊലക്കേസും ജോളി കേസും അടക്കമുള്ള ഓരോ സംഭവങ്ങളിലും കേസ് ഒതുക്കാന്‍ ക്രൈസ്തവ സഭകള്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. സഭയ്‌ക്കെതിരെ, പിതാക്കന്മാരുടെ ഇംഗിതങ്ങള്‍ക്കെതിരെ കരഞ്ഞുപോലും ശബ്ദമുണ്ടാക്കിയവര്‍ക്ക് സിസ്റ്റര്‍ അഭയയുടെ ഗതി ആയിരുന്നു എന്നകാര്യം വിസ്മരിക്കുന്നില്ല. ഇതിന്റെ മറുപുറവും ഉണ്ട്. ജാബുവ സംഭവത്തില്‍ പീഡന വിധേയയായി എന്ന് ആരോപിക്കപ്പെട്ട കന്യാസ്ത്രീയെ പരിശോധിച്ചപ്പോള്‍ അവര്‍ സ്ഥിരമായി ലൈംഗികബന്ധം പുലര്‍ത്തിയിരുന്നതാണെന്നും രോഗം പിടിപെട്ടതാണെന്നും കണ്ടെത്തിയത് വിവാദമായിരുന്നു. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രം കത്തിക്കാനാണ് അന്ന് സഭാപ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഏത് കുന്നിന്റെ മുകളിലും കുരിശുകൃഷി നടത്താനും ഏത് പാവപ്പെട്ടവരെയും ആടും കോഴിയും മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി പരിവര്‍ത്തനം ചെയ്യാനും ശ്രമിക്കുന്നത് എന്ത് സുവിശേഷമാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുന്നില്ല. പാവപ്പെട്ട ക്രിസ്ത്യാനികള്‍ക്കു പോലും സഹായം കിട്ടാത്ത ഷൈലോക്കിന്റെ സ്ഥാപനങ്ങളായി ചൂഷണത്തിനുള്ള ഉപാധിയായി സ്‌കൂളും ആശുപത്രിയും അടക്കമുള്ള പള്ളിസ്ഥാപനങ്ങള്‍ മാറുന്നത് യേശുക്രിസ്തു ജീവിച്ചിരുന്നെങ്കില്‍ ചാട്ടവാറുകൊണ്ടടിച്ച് തന്നെ തിരുത്തുമായിരുന്നു. ക്രൈസ്തവസഭകള്‍ക്കും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കും ഒരു തിരുത്തല്‍ അനിവാര്യമാണ്.
ആമേന്‍!

253 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close