ന്യൂഡല്‍ഹി: സൈനിക തലത്തില്‍ പരസ്പര സഹകരണം വളര്‍ത്തുക എന്ന ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കായി ചൈനീസ് ഉന്നതതല സൈനിക സംഘം ഇന്ത്യയിലെത്തി. ചൈനീസ് വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ലഫ്.ജനറല്‍ ലിയു ഷിയാവുവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇന്ത്യയിലെത്തിയത്. ഈ മാസം ആറിന് സംഘം മടങ്ങും.
ഡോക്ലാം വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ചൈനയില്‍ നിന്നുള്ള ഉന്നതതല സൈനിക സംഘം ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഈ സന്ദര്‍ശനമെന്ന് ചൈനീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ സുക്ന പറഞ്ഞു.
കരസേന സഹമേധാവി ലഫ്.ജനറല്‍ ദേവ്രാജ് അന്ബുവുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇതിനു പുറമെ കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡും ബംഗാളിലെ 33 കോര്‍പ്സ് ഹെഡ്ക്വാര്‍ട്ടേഴ്സും സംഘം സന്ദര്‍ശിക്കും.