ജയ്പൂര്‍: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ ഒരു ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്ന 68 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപെടുത്തി. പൊലീസും ശിശു ക്ഷേമ സമിതിയും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.
പെണ്‍കുട്ടികളെല്ലാം അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുളളവരാണ്. ഛത്തീസ്ഗഡ്, ബിഹാര്‍, മദ്ധ്യപ്രദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍. ഇവരെ നോക്കാനായി നിന്നിരുന്ന 10 സ്ത്രീകളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 15-20 ദിവസമായി പെണ്‍കുട്ടികള്‍ ഹോട്ടലിനുള്ളില്‍ തടങ്കലിലാണ്.
ഈ പെണ്‍കുട്ടികള്‍ സ്വയം പ്രഖ്യാപിത ആള് ദൈവം ദാതി മഹാരാജിന്റെ ആശ്രമത്തില്‍ നിന്നുള്ളവരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളെ ഹോട്ടലില്‍ താമസിപ്പിച്ചതെന്തിനെന്ന ചോദ്യത്തിന് സ്ത്രീകള്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ലെന്ന് ശിശു ക്ഷേമ സമിതി അംഗം ഭാവന പലിവാല്‍ പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നും ഇവര്‍ അറിയിച്ചു.