ഭാവിയില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത് പാഡ് അബോര്‍ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയിസ് സെന്ററില്‍ നിന്നും വ്യാഴാഴ്ചയാണ് പരീക്ഷണം വിജയകരമായി നടത്തിയത്.
മൂന്നു മിനിട്ട് മാത്രം നീണ്ട പരീക്ഷണത്തില്‍ ക്രൂ ക്യാപ്സ്യൂള്‍(യാത്രക്കാര്‍ ഉള്‍പ്പെടുന്ന ഭാഗം) അടര്‍ത്തി മാറ്റി ബഹിരാകാശ യാത്രകരെ സുരക്ഷിതമായി തിരിച്ചിറക്കുക എന്നതാണ് പരീക്ഷിച്ചത്. 2.7 കിലോമീറ്റര്‍ ഉയരത്തിലെത്തിയതിനു ശേഷം പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് ക്രൂ ക്യാപ്സ്യൂള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വന്ന് പതിക്കുന്നത്. ലോഞ്ച് ചെയ്ത സ്ഥലത്ത് നിന്ന് 2.9 അകലെയായി കടലിലാണ് ഇത് ലാന്‍ഡ് ചെയ്തത്. ബോട്ടുകളുടെ സഹായത്തോടെ ക്രൂ ക്യാപ്സ്യൂള്‍ കരക്കെത്തിച്ചു.
രാവിലെ 2 മണിക്കാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. അഞ്ചു മണിക്കൂറിന് ശേഷം രാവിലെ ഏഴ് മണിക്ക് വിക്ഷേപണം നടത്തി. വിക്ഷേപണ റോക്കറ്റുകളും അതിശക്തിയായി ക്രൂ മൊഡ്യൂളിനെ തള്ളിമാറ്റാന്‍ പറ്റുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവ തീര്‍ച്ചയായും ക്രൂ ക്യാപ്സ്യൂളിനെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രികരെ രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് പാഡ് അബോര്‍ട് ടെസ്റ്റ് നടത്തിയത്. ക്രൂ എസ്കേപ്പ് സിസ്റ്റം വഴി അടിയന്തര സാഹചര്യങ്ങളില്‍ ബഹിരാകാശ യാത്രികരുടെ ക്യാബിന് വിക്ഷേപണ വാഹനത്തില്‍ നിന്ന് വിടുവിച്ച് സുരക്ഷിതമായ ഒരു അകലത്തില്‍ ഇറക്കുന്നു. ബഹിരാകാശ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന കൂടുതല്‍ പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലും നടത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു.