ന്യൂഡല്‍ഹി: മത്സ്യകയറ്റുമതിയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തി ഇന്ത്യ. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യ കയറ്റുമതിയിലൂടെ 45,106.89 കോടി രൂപയാണ് ഇന്ത്യ നേടിയത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 37,870.90 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഈ മേഖലയില്‍ 19.11 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. മറൈന്‍ പ്രൊഡക്റ്റ്സ് എക്സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
അമേരിക്കയിലേക്കും തെക്കു പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യ പ്രധാനമായും മീന്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതിയുടെ 32.76 ശതമാനം അമേരിക്കയിലേക്കും 31.59 ശതമാനം യൂറോപ്പ്(15.77%), ജപ്പാന്(6.29%), മിഡില്‍ ഈസ്റ്റ്(4.10%), ചൈന(3.21%) എന്നീ രാജ്യങ്ങളിലേക്കുമാണ്.
ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച ചെമ്മീന്‍, ശീതീകരിച്ച മീനുകള്‍ തുടങ്ങിയവക്ക് ആഗോള മാര്‍ക്കറ്റില്‍ വലിയ ഡിമാന്റാണുള്ളത്. ലോകവ്യാപകമായി കടല്‍വിഭവങ്ങളുടെ മാര്‍ക്കറ്റില്‍ ചാഞ്ചാട്ടം സംഭവിച്ചിട്ടുണ്ടെങ്കിലും അത് ഇന്ത്യയെ ബാധിച്ചിട്ടില്ല. 2022 ഓടെ മത്സ്യ വിഭവങ്ങളുടെ വില്‍പ്പന 688,05 കോടിയിലെത്തിക്കാനാണ് തങ്ങള്‍ നീക്കമിടുന്നതെന്നും എം.പി.ഇ.ഡി.എ ചെയര്മാന് എ.ജയതിലക് പറഞ്ഞു.
കയറ്റുമതി ചെയ്യുന്നതിന്റെ മത്സ്യങ്ങളില്‍ 41.10 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. ലഭിക്കുന്ന ആകെ തുകയുടെ 68.46 ശതമാനവും ഇതില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച ചെമ്മീന്‍ ആവശ്യക്കാരേറെയാണ്. വിസാഗ്, കൊച്ചി, കൊല്‍ക്കത്ത, പിപാവാവ്, കൃഷ്ണപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള മീനാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്.