സ്കൂള്‍ ബാഗിനുള്ളില്‍ പതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെയും തോളിലിട്ട് 9ാം ക്ലാസുകാരന് നടന്നത് ഒരു കിലോമീറ്റര്‍. ബംഗലുരുവിലെ കാമരാജനഗറിലാണ് സംഭവം. ബംഗലുരുവില്‍ നിന്നും 90 കിലോമീറ്റര്‍ മാറി കര്‍ണാടക തമിഴ്നാട് അതിര്‍ത്തയിലെ ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പാമ്പിനെയും ബാഗിലിട്ട് സ്കൂളിലെത്തിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ക്ലാസിനുള്ളില്‍ കയറിയതിനു ശേഷം ബാഗ് തുറന്ന് നോക്കിയപ്പോഴാണ് ബുക്കുകള്ക്കിടയില് പാമ്പ് ഒളിച്ചിരിക്കുന്നതായി കണ്ടത്. ഇതോടെ ബാഗുമെടുത്ത് പുറത്തേക്കോടിയ കുട്ടി ബാഗ് മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. വലിച്ചെറിഞ്ഞ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞു പുറത്തേക്കിറങ്ങുകയായിരുന്നു.
ബാഗിനുള്ളിലേക്ക് നോക്കാതെ ബുക്കെടുക്കാന്‍ കയ്യിട്ടിരുന്നെങ്കില് പാമ്പിന്റെ കടി കിട്ടുമായിരുന്നെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് കുട്ടി രക്ഷപെട്ടതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സംഭവ ദിവസത്തിന് മുന്‍പ് സ്കൂളില്‍ നിന്നും വീട്ടിലെത്തിയ ഉടനെ കുട്ടി ബാഗ് വീടിന്റെ ഒരു മൂലയില്‍ കൊണ്ടു വയ്ക്കുകയായിരുന്നു. ഇതിനിടയില്‍ അവധി ദിവസങ്ങളും ഉണ്ടായിരുന്നു. ഈ ദിവസങ്ങളിലൊന്നും പുസ്തകമെടുക്കാന്‍ കുട്ടി ബാഗ് തുറന്നതേ ഇല്ല. ഈ ദിവസത്തിനിടയില്‍ പാമ്പ് ബാഗിനുള്ളില്‍ കയറിപ്പറ്റിയെന്നാണ് നിഗമനം. വളരെ ചെറിയ പാമ്പായിരുന്നു ഇത്. ബാഗിന്റെ ചെറിയ വിടവിലൂടെ കയറിയെന്നാണ് കരുതുന്നത്. സ്കൂളില്‍ പോകേണ്ട ദിവസം പതിവു പോലെ ബാഗുമെടുത്ത് പോരുകയായിരുന്നു.
എന്തായാലും കുട്ടിക്ക് അപകടമൊന്നും പറ്റാത്തതിന്റെ ആശ്വാസത്തിലാണ് എല്ലാവരും.