ചെന്നൈ: ധീരതക്കുള്ള അംഗീകാരമായിരുന്നു സൂര്യക്ക് ആ ജോലി. ഒരു മാലക്കള്ളനെ ഒറ്റക്ക് പിടികൂടിയ കഴിവിന് കിട്ടിയ അംഗീകാരം. രണ്ടുമാസം മുന്‍പ് ഒരു വനിത ഡോക്ടറുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ അതിവിദഗ്ധമായി പിടികൂടിയ ആളാണ് 19കാരനായ സൂര്യ.
സൂര്യയുടെ ഈ പ്രകടനം അവന് തന്റെ സ്വപ്നജോലിയാണ് സമ്മാനിച്ചത്. ഒരു സ്ഥിരം ജോലി എന്നതായിരുന്നു ഈ യുവാവിന്റെ സ്വപ്നം. സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ.വിശ്വനാഥന്റെ സഹായത്തോടെയാണ് സൂര്യ പുതിയ ജോലിക്ക് കയറാനൊരുങ്ങുന്നത്. ടിവിഎസ് മോട്ടോഴ്സില്‍ എസി മെക്കാനിക്കായിട്ടാണ് സൂര്യക്ക് ജോലി കിട്ടിയിരിക്കുന്നത്.
ഏപ്രില്‍ 19നാണ് വനിത ഡോക്ടറുടെ 10 പവന് മാല പൊട്ടിച്ച് ഓടിയ കള്ളനെ സൂര്യ പിന്തുടര്ന്ന് പിടികൂടുന്നത്. മോഷ്ടാവ് മാല പൊട്ടിച്ച് ഓടുന്ന സമയത്ത് സൂര്യ ഇവര്‍ക്ക് സമീപമുള്ള ഒരു കടയില്‍ നില്‍ക്കുകയായിരുന്നു. മാല പൊട്ടിക്കുന്നത് കണ്ട് സൂര്യ കള്ളന്റെ പിറകെ ഓടുകയായിരുന്നു. കിലോമീറ്ററുകളോളം പിന്തുടര്‍ന്നോടിയാണ് സൂര്യ മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്തു. സംഭവസമയം നിരവധി അവിടെ ഉണ്ടായിരുന്നെങ്കിലും സൂര്യ മാത്രമാണ് കള്ളനെ പിടികൂടുന്നതിനുള്ള ധൈര്യം കാണിച്ചത്.
സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം പൊലീസ് കമ്മീഷണര്‍ വിശ്വനാഥന് സൂര്യയെ ഓഫീസില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനിടയില്‍ തന്റെ സ്വപ്നമായ ജോലിയെകുറിച്ച് സൂര്യ ഇദ്ദേഹത്തോട് പറയുകയായിരുന്നു. ഒരു സ്ഥിരം ജോലി ലഭിക്കുക എന്നതായിരുന്നു ഈ ചെറുപ്പക്കാരന്റെ സ്വപ്നം. മുത്തശ്ശിയോടൊപ്പം അണ്ണാനഗറില്‍ താമസിക്കുന്ന സൂര്യ അവിടെ തന്നെ ഒരു വര്‍ക് ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സൂര്യ മറ്റൊരാളൊടൊപ്പം സഹായിയായി നിന്ന് എസി മെക്കാനിസം പഠിച്ചിരുന്നു.
സൂര്യയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതോടെ വിശ്വനാഥന് ടിവിഎസ് ഗ്രൂപ്പിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ സൂര്യക്ക് എസി മെക്കാനിക്കായി ജോലി നല്‍കാമെന്നും വിശ്വനാഥന് ഉറപ്പ് നല്കി. വ്യാഴാഴ്ച സൂര്യ ജോലിയില്‍ പ്രവേശിക്കുന്നത് കാണാനും വിശ്വനാഥന് എത്തിയിരുന്നു. ടിവിഎസ് ജനറല്‍ മാനേജര്‍ നല്കിയ പ്രവേശന ഉത്തരവ് വിശ്വനാഥന് സൂര്യക്ക് കൈമാറി.
ഏറെ സന്തോഷമുണ്ടെന്നും തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നും, പൊലീസ് കമ്മീഷണറോട് നന്ദി പറയുന്നതായും സൂര്യ പറഞ്ഞു.
ഇതിന് പുറമെ സൂര്യയുടെ ധീരതക്ക് അംഗീകാരമായി നിരവധി പേര് അംഗീകാരവുമായി രംഗത്ത് എത്തിയിരുന്നു. എസ്ആര്‍എം ഗ്രൂപ്പ്, റോട്ടറി ക്ലബ്ബ് തുടങ്ങിയവര്‍ പണം നല്‍കിയും സൂര്യയെ ആദരിച്ചിരുന്നു.