India

മന വ്യത്യസ്തയാകുന്നത് ഇങ്ങനെയാണ്

19 വയസാകുമ്പോളേക്കും കല്ല്യാണം കഴിച്ച് ഒരു കുടുംബമൊക്കെയായി ജീവിക്കുക എന്നതായിരുന്നു മന മന്ദ്‌ലേക്കര്‍ എന്ന പെണ്‍കുട്ടിയുടെ ഗ്രാമത്തിലെ പതിവ്. എന്നാല്‍ ആ പതിവ് രീതിയോട് അവള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. മനയുടെ ആഗ്രഹത്തെ അവളുടെ അച്ഛനമ്മമാരും പിന്തുണച്ചു. അവള്‍ പഠനം തുടര്‍ന്നു.

മദ്ധ്യപ്രദേശിലെ അലംപൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ പെണ്‍കുട്ടികളെല്ലാം എട്ടാം ക്ലാസ് വരെ മാത്രമെ പഠനം നടത്തുകയുള്ളു. അവിടെയും മന വ്യത്യസ്തയായി. സ്‌കൂള്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ മന ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം നടത്താന്‍ ഗ്രാമത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്‌കൂളിലാണ് പോയിരുന്നത്. പോകുന്ന വഴിയിലെല്ലാം ആണ്‍കുട്ടികള്‍ കളിയാക്കും. അവരുടെ ചില പ്രവര്‍ത്തികള്‍ അവളെ പേടിപ്പെടുത്തി.

ബിരുദ പഠനത്തിന് ഒരു കോളേജില്‍ ചേര്‍ന്നപ്പോഴാണ് സ്വയരക്ഷക്ക് സഹായകമാകുമെന്ന ചിന്തയില്‍ മന കരാട്ടെ പഠിക്കാന്‍ ആരംഭിച്ചത്. ഓരോ ദിവസവും എട്ടു മണിക്കൂറിലധികം കരാട്ടെ പരിശീലനത്തിനായി മന നീക്കി വച്ചു. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കരാട്ടെയില്‍ വിദഗ്ധയായി മാറിയ മന ഇന്ന് ഗ്രാമത്തിന് മുഴുവന്‍ പ്രചോദനമാണ്. കാരണം ആ ഗ്രാമത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള വനിത മനയാണ്. ചെറുക്ലാസിലെ പഠനം ഉപേക്ഷിക്കുന്നവരുടെ ഇടയിലെ ഹീറോയാണ് മന.

ഇതിന് പുറമെ മദ്ധ്യപ്രദേശിലെ ആറ് ജില്ലകളിലായി 500ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മന സ്വയരക്ഷ ക്ലാസുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. പക്ഷേ മനയുടെ ഏറ്റവും വലിയ സ്വപ്‌നം ഇതൊന്നുമല്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു സ്‌കൂള്‍. ജീവിതത്തില്‍ മുന്നോട്ട് പോകാനും എല്ലാവിധ പ്രതിസന്ധികളും തരണം ചെയ്യാനും ഈ സ്‌കൂളിലൂടെ അവരെ പഠിപ്പിക്കണം.

ഇതിനായി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തില്‍ നടക്കുന്നതിനിടെയാണ് മന ബംഗലുരുവില്‍ നിന്നുള്ള സംരംഭകരായ റോഷ്‌നി കുമാര്‍(25), തന്‍മയി റെഡ്ഡി(25) എന്നിവരെ പരിചയപ്പെടുന്നത്. മന ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളും അവളുടെ ലക്ഷ്യവും അറിഞ്ഞതോടെ ഇരുവരും മനയുടെ ലക്ഷ്യം തങ്ങളുടേതുമാക്കി മാറ്റുകയായിരുന്നു.

നമ്മുടെ നാട്ടില്‍ ഇപ്പോഴും ധാരാളം വികസനം കടന്നു ചെല്ലാത്ത പ്രദേശങ്ങളുണ്ട്. പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്വാതന്ത്യം പോലും ഇവിടെ ലഭിക്കാറില്ല. ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരാകുന്ന ഇവര്‍ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. മനയുടെ സ്വപ്‌നം വളരെ മികച്ചതാണെന്നും സ്‌കൂളിന് ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും റോഷ്‌നി കുമാര്‍ പറഞ്ഞു.

181 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close