India

നാട്ടുകാരും പൊലീസും ഒന്നിച്ചു; കമ്മ്യൂണിസ്റ്റ് ഭീകരരെ ഞെട്ടിച്ച് റോഡ് നിര്‍മാണം

കങ്കര്‍: ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത പ്രദേശമായ കങ്കര്‍ ജില്ല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ ഇത്തവണ അത് അക്രമങ്ങളുടെ പേരിലല്ലെന്ന് മാത്രം. ഛത്തീസ്ഗറിന്റെ എല്ലാ മേഖലയിലും വികസനം എത്തിക്കുക എന്നതിന്റെ ഭാഗമായി കങ്കറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കേന്ദ്രമായ സ്ഥലത്തു കൂടി ഒരു റോഡ് നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്. കങ്കര്‍ ജില്ല പൊലീസിന്റെ നേതൃത്വത്തിലാണ് ജിവ്‌ലാമരി, മരപി എന്നീ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് റോഡ് നിര്‍മിച്ചത്. ഇവിടുത്തെ നാട്ടുകാരാണ് റോഡ് നിര്‍മാണത്തിന് മുന്നില്‍ നിന്നത്.

കട്ടിയേറിയ പാറകളും തിങ്ങി നിറഞ്ഞ വനവുമുള്ള പ്രദേശത്തു കൂടിയാണ് ഈ റോഡ് നിര്‍മിച്ചിരിക്കുന്നത്. കമ്മ്യൂണിസ്‌ററ് ഭീകരരുടെ ആക്രമണ സാധ്യത ഉള്ളതിനാല്‍ നാട്ടുകാരുടെ സുരക്ഷ കണക്കിലെടുത്ത് കമാന്‍ഡോകളെയും ഇവിടെ വിന്യസിച്ചിരുന്നു.

വനവും പാറക്കൂട്ടങ്ങളും കാരണം ഇരു ഗ്രാമങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. റോഡ് ഇല്ലാത്തതിനാല്‍ അവശ്യ കാര്യങ്ങള്‍ക്കു പോലും ഇരു ഗ്രാമത്തിലുള്ളവര്‍ക്കും പരസ്പരം സഹകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

റോഡ് വന്നതോടെ രണ്ട് ഗ്രാമത്തിലുള്ളവര്‍ക്കും ആഴ്ച ചന്തകളിലും മറ്റും പങ്കെടുക്കാന്‍ കഴിയും. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ദൂരെ സ്ഥലങ്ങളെ ആശ്രയിക്കേണ്ടതായും വരില്ല. മലമേഖലയില്‍ താമസിക്കുന്നവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനും മറ്റുമായി എളുപ്പം ഇതു വഴി യാത്ര ചെയ്യാം.

ഇങ്ങനെ ഒരു റോഡ് നിര്‍മാണത്തെ കുറിച്ച് അറിയിച്ചപ്പോള്‍ തന്നെ രണ്ടു ഗ്രാമത്തിലുള്ളവരും വലിയ പിന്തുണ നല്‍കിയെന്ന് കങ്കര്‍ എസ്.പി കന്‍ഹയ്യ ലാല്‍ പറഞ്ഞു. ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടായിരുന്നു. അതുകൊണ്ട് ആക്രമണങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഗ്രാമീണര്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണക്ക് അവരോട് നന്ദി പറയാന്‍ തങ്ങളൊരു ക്യാമ്പ് സംഘടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ റോഡെന്ന് ജന്‍പഥ് അംഗം രാജേഷ് ഭാസ്‌കര്‍ പറഞ്ഞു. റോഡ് പണിയുന്നുവെന്ന് നാട്ടുകാരെ അറിയിച്ചതോടെ ഈ നിര്‍മാണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്ന് അവര്‍ അറിയിച്ചതായും രാജേഷ് പറഞ്ഞു. വെെകാതെ തന്നെ രണ്ടു ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും വെള്ളവും വൈദ്യുതിയും ഉറപ്പാക്കുമെന്ന് കങ്കര്‍ ജില്ല കളക്ടര്‍ അറിയിച്ചു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close