ഭോപ്പാല്‍: തന്റെ പ്രണയം സത്യമാണെന്ന് തെളിയിക്കാന്‍ കാമുകിയുടെ പിതാവിന്റെ ആവശ്യപ്രകാരം വെടിയുതിര്‍ത്ത യുവാവ് മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച നേതാവ് അതുല്‍ ലോഖണ്ഡെയാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലിരിക്കെ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു.
ഇതിനിടെ അതുലിന്റെ ഹൃദയമുള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്തു. അതുലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. ഇതിനു പുറമെ കരളും വൃക്കകളും കണ്ണുകളും ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അതുല്‍ കാമുകിയുടെ വീട്ടില്‍ വച്ച് സ്വയം നിറയൊഴിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
അതുലും കാമുകിയും വ്യത്യസ്ത ജാതിയില്‍ പെട്ടവരാണ്. മകളോടുള്ള പ്രണയം സത്യമാണെങ്കില്‍ വെടിവച്ച് ആത്മഹത്യ ചെയ്യാന്‍ പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞതായി അതുലിന്റെ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണത്തെ അതിജീവിച്ചാല്‍ മകളെ വിവാഹം ചെയ്തു തരാമെന്നും ഇയാള്‍ അതുലിനോട് പറയുകയായിരുന്നു.
അവളുടെ അച്ഛന്റെ ആവശ്യപ്രകാരമാണ് വൈകിട്ട് ഞാന്‍ അവരുടെ വീട്ടിലെത്തിയത്. മകളെ ഇഷ്ടപ്പെടുന്നുണ്ടെങ്കില് മരിച്ചു കാണിക്കാനാണ് പറയുന്നത്. മരിച്ചാല്‍ തന്നെ ഇവിടെ നിന്ന് കൊണ്ടു പോകണം. അല്ലെങ്കില്‍ ഞാന്‍ തിരിച്ചു വരും, അപ്പോള്‍ അവളെ വിവാഹം കഴിക്കാന്‍ എന്നെ അനുവദിക്കണം. അവളില്ലാതെ എനിക്ക് പറ്റില്ല. അതുകൊണ്ട് ഞാന്‍ പോകുന്നുവെന്നും അതുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
30കാരനായ അതുലും 27കാരിയായ പെണ്‍കുട്ടിയും തമ്മില്‍ കഴിഞ്ഞ 13 വര്‍ഷമായി പ്രണയത്തിലായിരുന്നു.