തിരുവനന്തപുരം: മഹാരാജാസ് കോളേജ് വധവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയമാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. കാടാമ്പുഴ മലബാര്‍ ഹൗസിലും റെയ്ഡ് നടക്കുന്നുണ്ട്. അതേസമയം കേസില്‍ പൊലീസ് തിരയുന്ന 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
എസ്ഡിപിഐയുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സമീപകാലത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും അന്വേഷണ സംഘം വിശകലനം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. നിരവധി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. നിരവധി പേര് പൊലീസിന്റെ കസ്റ്റഡിയിലുമുണ്ട്.
അതേസമയം കേസില്‍ രണ്ട് പേര് കൂടി ഇന്ന് അറസ്റ്റിലായിട്ടുണ്ട്. മട്ടാഞ്ചേരി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകരുമായ നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ നവാസ് എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് പൊലീസ് അറിയിച്ചു. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതില്‍ നാല് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. ഇന്ന് അറസ്റ്റിലായ രണ്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരല്ല.