കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐയെ തള്ളാതെ യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോം. ചിന്തയ്ക്കെതിരായ ഇടത് സഹായാത്രിക സീനാ ഭാസ്കറിന്റെ വിമര്‍ശനം സംബന്ധിച്ച ജനം ടിവി വാര്‍ത്തയോട് പ്രതികരിക്കുമ്പോഴാണ് എസ്ഡിപിഐക്കെതിരെ ഒരക്ഷരം പോലും പറയാതെ ചിന്ത തടിതപ്പിയത്.
അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ എന്ന തീവ്രവാദ സംഘടനയാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഒരു തവണ പോലും യുവജന കമ്മീഷന് അദ്ധ്യക്ഷയുടെ വായില്‍ നിന്ന് ആ പേര് വന്നില്ല.
പൊലീസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്നായിരുന്നു ചിന്തയുടെ മറുപടി. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെയെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴും യുവ ജന കമ്മീഷന് അദ്ധ്യക്ഷ ആ പേര് പറയില്ലെന്ന വാശിയിലായിരുന്നു.
നേരത്തെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ ചിന്ത ജെറോമിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടത് പക്ഷ സഹയാത്രിക സീനാ ഭാസ്കര്‍ ഉന്നയിച്ചത്. ചിന്തയ്ക്ക് അധികാരത്തിന്റെ അര്‍ബുദം ബാധിച്ചെന്നും ചികിത്സ വൈകരുതെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തോട് പ്രതികരിക്കുമ്പോഴാണ് തന്റെ എസ്ഡിപിഐ സ്നേഹം ഒരിക്കല്‍ കൂടി ചിന്ത പരസ്യമാക്കിയത്.
അതേ സമയം ഫെയ്സ് ബുക്കിലെ തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെടുകായായിരുന്നെന്നും ചിന്ത ജനം ടിവിയോട് പ്രതികരിച്ചു.