അബുദാബി: അബുദാബിയില്‍ കൂടുതല്‍ ഹൈബ്രിഡ് ടാക്സികള്‍ വരുന്നു. കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറച്ച് പരമാവധി കുറച്ച് പ്രകൃതി സൗഹാര്‍ദ്ദപരമായ ഗതാഗത സംവിധാനം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം അവസാനത്തോടെ 900 ത്തോളം ഹൈബ്രിഡ് കാറുകളാണ് അബുദാബി നിരത്തിലിറങ്ങുക. ഇലക്ട്രിക്, പെട്രോള്‍ എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളാണ് ഇവ. തവാസല്‍ ട്രാന്സ്പോര്ട്ടേഷന് കമ്പനിക്ക് വേണ്ടി 907 ടൊയോട്ട കാംറി ഹൈബ്രിഡ് കാറുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുക. 47.16 ദശലക്ഷം കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാന്‍ പുതിയ പരിഷ്കരണത്തിലൂടെ കഴിയുമെന്ന് അധികാരികള്‍ വ്യക്തമാക്കി.
പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെക്കാള്‍ 70 ശതമാനം പ്രവര്‍ത്തനക്ഷമതയും ഇലക്ടോണിക് കാറുകള്‍ക്കുണ്ട്. 2017 മുതല്‍ തവാസലിന്റെ 55 ഓളം ഇലക്ട്രോണിക് കാറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം നടത്തിവരുന്നുണ്ട്. എട്ട് വ്യത്യസ്ത ഏജന്‍സികളിലായി 6,147 ടാക്സികളാണ് അബുദാബി നിരത്തുകളില്‍ സേവനം നടത്തുന്നത്. ഇതോടൊപ്പം എമിറേറ്റ്സ് ബസ് സര്‍വീസും പൊതുഗതാഗതത്തെ സുഗമമാക്കുന്നുണ്ട്. കാറുകളുടെ ഇന്ധനത്തിനാണ് ഏറ്റവുമധികം ചിലവ് വരുന്നത്. ഹൈബ്രിഡ് സംവിധാനത്തിലേക്ക് വരുമ്പോള്‍ ഇതിന്റെ ചിലവ് കാര്യമായി കുറക്കാന്‍ സാധിക്കും. ടാക്സി നിരക്കുകള്‍ നല്‍കാനുള്ള കാര്‍ഡ് സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് അബുദാബി ട്രാന്‍സ്പോര്‍ട്ട് ടാക്സി റെഗുലേഷന് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.