കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഇരുപതരക്കോടി രൂപ. എന്നാല്‍ പണം ചിലവാക്കിയത് സംബന്ധിച്ച ഒരു കണക്കും ധനകാര്യ വകുപ്പിന്റെയോ ടൂറിസം വകുപ്പിന്റെയോ കയ്യിലില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇതേ സമയം 2 പതിപ്പുകളായി നടന്ന ബിനാലയുടെ കണക്കുകള്‍ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതാണെന്ന് വിവരാവകാശ കമ്മീഷന് ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്കി.
കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബിനാലെയുടെ മൂന്ന് പതിപ്പുകള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ ഇരുപതരക്കോടി രൂപ നല്‍കിയത്. 2012 ലെ ആദ്യ ബിനാലയ്ക്കായി 9 കോടി രൂപയും രണ്ടാം പതിപ്പിനായി 4 കോടിയും നല്‍കിയിരുന്നു. എന്നാല്‍ ഈ തുകയുടെ വിനിയോഗത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ തയാറാകാതെ മൂന്നാം പതിപ്പിനായി 7.5 കോടി രൂപയും അനുവദിച്ചു.
ടൂറിസം വകുപ്പിന്റെയും ധനകാര്യ വകുപ്പിന്റെയും പക്കല്‍ ഇതുസംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് നല്കുന്ന മറുപടി. ഇതിനെ ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ പരിഗണിച്ച വിവരാവകാശ കമ്മീഷന് ചെയര്മാന് കൃത്യമായ ഓഡിറ്റ് നടത്തി, റിപ്പോര്‍ട്ട് അപേക്ഷകന് നല്കാന് നിര്‍ദ്ദേശിച്ചിട്ടുണ്ട്്.