റാവല്‍കോട്ട്: മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതില്‍ പ്രതിഷേധിച്ച് പാക് അധീന കശ്മീരില്‍ വന്‍ പ്രതിഷേധം. റാവല്‍കോട്ടില്‍ താമസിക്കുന്നവരും രാഷ്ട്രീയക്കാരുമാണ് പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇസ്ലാമാബാദിനെ പ്രക്ഷോഭകര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷെ-ഇ-മുഹമ്മദ് പ്രവര്‍ത്തകര്‍ക്ക് ഇസ്ലാമാബാദ് സുരക്ഷയും പരിശീലനവും നല്‍കുന്നതായാണ് ഇവര്‍ ആരോപിച്ചത്.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവര്‍ ജമ്മു കശ്മീരിലെത്തി പാകിസ്ഥാന്റെ രഹസ്യ ചാരന്മാരായി പ്രവര്‍ത്തിക്കുകയാണ്. അവര്‍ ഞങ്ങളുടെ സമരത്തെ അട്ടിമറിച്ചു. ഭീകരവാദത്തിന്റെ പ്രശ്നങ്ങള്‍ ഇന്ന് ലോകം കാണുന്നുണ്ട്. 9/11ലെ സംഭവത്തിനു ശേഷം ലോകം മുഴുവന്‍ ലെഷ്കര്‍-ഇ-തൊയ്ബക്കെതിരെ പോരാടാനും അവരെ തുടച്ചു നീക്കാനും പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അതോടെ അവര്‍ മൗലാന മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്ഷെ-ഇ-മുഹമ്മദിനെ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ പാക് അധീന കശ്മീരിലും അവര്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാവ് സര്‍ദാര്‍ ജഗിര്‍ ഖാന് പറഞ്ഞു.
ഇസ്ലാമാബാദില് നിന്നും നേരിടുന്ന വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ഏറെ നാളുകളായി പ്രക്ഷോഭം നടത്തുകയാണ് ഇവിടുത്തെ നാട്ടുകാര്‍. അടിസ്ഥാന സൗകര്യങ്ങളോ ആവശ്യങ്ങളോ പോലും ലഭിക്കാതെയാണ് ഇവര്‍ കഴിയുന്നത്.