തൊടുപുഴ: കേരളത്തിലെ സാംസ്കാരിക നായകന്മാര് തുടരുന്ന മൗനമാണ് മത തീവ്രവാദ ശക്തികള്‍ കലാലയത്തിലേയ്ക്ക് കടന്നു കയറാന്‍ കാരണമെന്ന് പ്രൊഫ.ടി.ജെ.ജോസഫ്. തന്റെ നേരെ ആക്രമണം അഴിച്ചു വിട്ടവര്‍ക്ക് അവര്‍ രൂപപ്പെടുത്തിയ ഒരു കാരണമുണ്ടായിരുന്നു. എന്നാല്‍ അഭിമന്യുവിന് നേരെ നടന്ന ആക്രമണത്തിന്റെ കാരണം പോലും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മത തീവ്രവാദിയുടെ ആക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ ജോസഫ്. പുരോഗമന ആശയങ്ങള്‍ ഉടലെടുക്കുന്ന കോളജ് ക്യാമ്പസുകളിലും മത തീവ്രവാദ ശക്തികള്‍ സ്വാധീനം കാട്ടി തുടങ്ങിയതിന്റെ നേര്‍ക്കാഴ്ചയാണ് അഭിമന്യുവിന്റെ കൊലപാതകം. ഇതിന്റെ കാരണം ഒരിക്കലും രാഷ്ട്രീയ നേതാക്കള്‍ വ്യക്തമാക്കില്ലെന്നും, ഇത് ജനങ്ങള്‍ തന്നെ തിരിച്ചറിയണമെന്നും പ്രൊഫ. ടി.ജെ.ജോസഫ് പറഞ്ഞു.
നിര്‍ധന കുടുംബത്തില്‍ നിന്നും വന്ന ആദര്‍ശ ധീരനായ അഭിമന്യുവിന്റെ മരണം തന്റെ സഹപാഠിയുടെ മരണം നല്കുന്ന വേദനയ്ക്ക് തുല്യമാണ്. രാഷ്ട്രിയ മത നേതാക്കന്മാര് അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വിദ്യാര്‍ത്ഥികളെയും പ്രസ്ഥാനങ്ങളെയും ഉപയോഗിക്കുന്നത് സാംസ്കാരിക നായകന്മാര് കുറേക്കാലമായി തുടരുന്ന മൗനത്തിന്റെയും ഭയത്തിന്റെയും പരിണിത ഫലമാണ്.സമൂഹത്തെ ഈ വിപത്തില്‍ നിന്നും ഉയര്‍ത്തി നന്മയുടെ ലോകത്തേയ്ക്ക് എത്തിക്കാന്‍ സാംസ്കാരിക നായകര്ക്കേ കഴിയു എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.