തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കോമണ്‍വെല്‍ത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണം കേരളത്തിലെത്തിച്ച് അനുപം.എം.ശ്രീകുമാര്‍ എന്ന കൊച്ചു മിടുക്കി. മുന്‍ ഏഷ്യന്‍ റണ്ണര്‍ അപ്പും നാഷണല്‍ ചാംമ്പ്യനുമാണ് അനുപം. തിരുവനന്തപുരം കാര്‍മല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
കൊച്ചു പ്രായത്തില്‍ തന്നെ അനുപം നേടിപ്പിടിച്ചത് വലിയ സ്വപ്നങ്ങളാണ്. 2015ലും 2017ലും അണ്ടര്‍ 7, അണ്ടര്‍ 9 വിഭാഗങ്ങളില്‍ നാഷണല്‍ സ്കൂള്ചാമ്പ്യന് എന്ന നേട്ടം സ്വന്തമാക്കി. 2017ല്‍ തന്നെ നാഷണല്ചാംമ്പ്യന്. തായ്ലണ്ടില് വച്ചു നടന്ന ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 10 വിഭാഗത്തില്‍ രണ്ടാം സ്ഥാനം. ഒടുവില്‍ രാജ്യത്തിന് തന്നെ അഭിമാനമായി അണ്ടര്‍ 10 വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണവും നേടി.
ചെസ്സിലെ വനിത ഇതിഹാസ താരം ജൂഡിറ്റ് പോള്ഗറാണ് അനുപമിന്റെ മാതൃകയും പ്രചോദനവും.
ഇപ്പോള്‍ സ്പെയിനില്‍ വച്ചു നടക്കുന്ന ലോക ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് അനുപം. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
അനുപമിന്റെ അച്ഛന് ശ്രീകുമാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ജൂനിയര്‍ സൂപ്രണ്ടാണ്. അമ്മ സ്വകാര്യ സ്കൂളിലെ അധ്യാപികയും. മകളെയും കൊണ്ട് മത്സരങ്ങള്‍ക്ക് പോകേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളാണ് പ്രധാന തടസം. സ്പോണ്‍സര്‍ഷിപ്പുകളിലൂടെ ഈ പ്രതിബന്ധം മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അനുപമിന്റെ മാതാപിതാക്കള്‍.