ന്യൂഡല്‍ഹി: ഫീസ് കൊടുത്തില്ലെന്ന് ആരോപിച്ച് 16 പിഞ്ചു കുട്ടികളെ പൂട്ടിയിട്ട് സ്കൂള്‍ അധികൃതരുടെ ക്രൂരത. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലുള്ള കിന്റര്ഗാര്ഡന് സ്കൂളിലെ 16 പെണ്‍കുട്ടികളെയാണ് അധികൃതര്‍ തുടര്‍ച്ചയായ അഞ്ച് മണിക്കൂര്‍ പൂട്ടിയിട്ടത്.
രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്കൂളിലെ ബേസ്മെന്റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. രക്ഷിതാക്കള്‍ എത്തിയതിനു ശേഷമാണ് കുട്ടികളെ പുറത്തിറക്കിയത്. പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെയാണ് വിദ്യാര്‍ത്ഥികളെ നിര്‍ത്തിയതെന്നും, പലരും ക്ഷീണവും വിശപ്പും ദാഹവും കൊണ്ട് കരയുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
രക്ഷിതാക്കളുടെ പരാതിയില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി. ഫീസ് അടക്കാത്തതിന്റെ പേരില്‍ ചെറിയ കുട്ടികളെ ഇങ്ങനെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികളില്‍ ചിലരുടെ ഫീസ് അടച്ചിരുന്നതാണെന്നും, ഫീസ് അടച്ചതിന്റെ രസീത് കാണിച്ചിട്ടും പ്രിന്‍സിപ്പല്‍ മാപ്പ് പറയാന്‍ തയാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.