ബാങ്കോക്ക് ; ലോകത്തിനെ പ്രാർത്ഥനയിലൂടെ ഒന്നാക്കിയ ആ കുട്ടികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ നിന്നു രക്ഷപ്പെട്ട കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ചിയാങ് റായിയിലെ ആശുപത്രിയിലാണ് കുട്ടികൾ ഇപ്പോഴുള്ളത്.ചില്ലുകൂട്ടിലൂടെ കുട്ടികളോട് മാതാപിതാക്കൾ സംസാരിക്കുന്നതിന്റെയും,കൈവീശി കാണിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്.
രക്ഷപ്പെട്ട 12 കുട്ടികൾക്കും കോച്ചിനും രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്. ചില കുട്ടികൾക്ക് അണുബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സർജ്ജിക്കൽ മാസ്ക് ധരിച്ചിരിക്കുന്ന കുട്ടികളെ പത്തു ദിവസത്തെ ചികിത്സയ്ക്ക് ശേഷമേ വീടുകളിലേക്ക് വിടാനാകൂവെന്ന് റിപ്പോർട്ടുണ്ട്.
രക്ഷപ്പെട്ടവരിൽ ആരും മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ല. എന്നാൽ ആശുപത്രി വിട്ടാലും ഒരു മാസത്തോളം സുഖ ചികിത്സ നടത്തേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചു.