അബുദാബി: അപകട ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് താക്കീതുമായി അബുദാബി പോലീസ്. 1000 ദിര്‍ഹമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിഴയേര്പ്പെടുത്തിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു
കഴിഞ്ഞ ആറുമാസത്തിനിടയില്‍ അപകട ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോണില്‍ പകര്‍ത്തിയ 71 പേര്‍ക്കാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. അപകട ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ നേരിടേണ്ടി വരും. അപകടസ്ഥലങ്ങളില്‍ അകാരണമായി വാഹനങ്ങള്‍ നിര്‍ത്തുന്നതും ഇറങ്ങിനോക്കുന്നതുമെല്ലാം രക്ഷാ പ്രവര്‍ത്തനങ്ങള്‍ വൈകിക്കാന്‍ കാരണമാകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. കൂടാതെ അപകടദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിജനിപ്പിക്കാനും കാരണമാവും.
1000 ദിര്‍ഹമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിഴയേര്പ്പെടുത്തിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. അബുദാബി പോലീസ് ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. അപകടസ്ഥലത്ത് അനാവശ്യമായി വാഹനങ്ങള്‍ നിര്‍ത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താല്‍ 1000 ദിര്‍ഹം പിഴ ലഭിക്കുമെന്ന് അബുദാബി പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.