ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുത്തൻ വിനോദാനുഭവങ്ങൾ സമ്മാനിക്കാൻ ഷാർജയിലെ അൽ മുൻതസ പാർക്ക് വീണ്ടും പ്രവർത്തനമാരംഭിച്ചു. -പേൾ കിംഗ്ഡം- എന്ന് പേരിട്ടിരിക്കുന്ന പാർക്കിലെ വാട്ടർ തീം പാർക്കാണ് സന്ദർശകർക്കായി വാതിൽ തുറക്കുന്നത്.
നൂറു മില്യൺ ദിർഹം ചിലവഴിച്ച് നവീകരിച്ച പാർക്കിൽ പുത്തൻ റൈഡുകളും വിനോദങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 7000 സന്ദർശകരെ ഉൾകൊള്ളാൻ പാകത്തിലുള്ളതാണ് പേൾ കിംഗ്ഡം. കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ യുഎഇയിലെ തന്നെ ഏറ്റവും മികച്ച വിനോദകേന്ദ്രങ്ങളിൽ ഒന്നാണിത്.
ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പാർക്കിന്റെ പ്രവർത്തനം. ‘ഐലൻഡ് ഓഫ് ലെജൻഡ്സ്’ എന്ന് പേരുള്ള പാർക്കിന്റെ രണ്ടാം ഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാവും. ഇതോടെ, പാർക്കിനു ഉൾക്കൊള്ളാവുന്ന സന്ദർശകരുടെ എണ്ണം 17000 ആയി വർധിക്കും.
26 റൈഡുകളാണ് രണ്ടാം ഘട്ടത്തിൽ പുതുതായി പൂർത്തിയാകുന്നത്. രാവിലെ പത്തു മുതൽ രാത്രി പത്തു വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. മുതിർന്നവർക്ക് 150 ദിർഹവും, കുട്ടികൾക്ക് 100 ദിർഹവും,എൺപതു സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് 50 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പാർക്കിങ് സൗജന്യമാണ്.