ശ്രീനഗർ: ജമ്മു കശ്മീരിൽ സർക്കാരുണ്ടാക്കാൻ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് പിഡിപി എം.എൽ.എ . പതിനെട്ട് നിയമസഭാംഗങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പിഡിപി എം.എൽ.എ അബ്ദുൾ മജീദ് പാഡർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേതാവായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിനു ബീജെപിയെ പിന്തുണയ്ക്കാമെങ്കിൽ തങ്ങൾക്കും പിന്തുണയ്ക്കാമെന്ന് പാഡർ ചൂണ്ടിക്കാട്ടി. പാർട്ടി എം.എൽ.എമാർ പാർട്ടിവിരുദ്ധ പ്രസ്താവനകൾ നടത്തരുതെന്നുള്ള മെഹബൂബ മുഫ്തിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പാഡറിന്റെ പരാമർശം.പിഡിപി എം.എൽ.എമാർ ബിജെപിയെ പിന്തുണയ്ക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള അഭ്യൂഹങ്ങൾ സജീവമായിരിക്കവേയാണ് പാഡറിന്റെ പരാമർശം.
87 അംഗ നിയമസഭയിൽ 44 അംഗങ്ങളുടെ പിന്തുണയാണ് മന്ത്രിസഭയുണ്ടാക്കാൻ ആവശ്യമായത്. ബിജെപിക്ക് 25 എം.എൽ.എ മാരാണുള്ളത് . പതിനെട്ട് പിഡിപി എം.എൽ.എ മാർ പിന്തുണച്ചാൽ 43 പേരുടെ പിന്തുണ ബിജെപിക്ക് ലഭിക്കും. പീപ്പിൾസ് കോൺഫറൻസിന്റെ രണ്ട് എം.എൽ.എമാരും പിന്തുണ നൽകുമെന്നാണ് കരുതപ്പെടുന്നത്.