തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചയാൾക്കെതിരെ പരാതിയുമായി എസ്എൻഡിപി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഗുരു ദേവനെ അധിക്ഷേപിച്ചതിനെതിരെയാണ് എസ്എന്‍ഡിപിയുടെ പോഷക സംഘടനയായ സൈബര്‍ സേനയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ബ്രസീല്‍ താരം നെയ്മറിന്റെ പത്താം നമ്പര്‍ ജഴ്സി ഉണക്കാനിട്ട് കരഞ്ഞുകൊണ്ട് ശ്രീനാരായണ ഗുരുവിന്റെ ചിത്രം പവിൻ ശങ്കർ എന്നയാളാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. റഷ്യല്‍ ലോകകപ്പിൽ ബ്രസീല്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇയാൾ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം ‘നാരായണന് കുട്ടി’യാണ് സൗത്ത് ഇന്ത്യയിലെ ആദ്യ ബ്രസീല്‍ ആരാധകനെന്നും ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയമാണ് ഫുട്ബോള്‍ കാത്തുസൂക്ഷിക്കുന്നതെന്നും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഗുരുവിനെ അധിക്ഷേപിച്ചയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പരാതിയിൽ പറയുന്നു.
നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സിപിഎം നടത്തിയ ഘോഷയാത്രയിൽ ശ്രീ നാരായണ ഗുരുവിനെ അധിക്ഷേപിച്ചത് വിവാദമായിരുന്നു. അന്ന് ഗുരുവിനെ കുരിശിൽ തറച്ചിരിക്കുന്ന നിശ്ചലദൃശ്യമായിരുന്നു സിപിഎം അവതരിപ്പിച്ചത്.