ലീഡ്സ്: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാംമത്സരം ഇന്ന് ലീഡ്സിൽ നടക്കും. മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.
പേസർമാർ മികവ് പുലർത്തുന്നില്ലെങ്കിലും കുൽദീപ് യാദവിന്റെ നേതൃത്വത്തിലുള്ള സ്പിന്നർമാർ മികച്ച ഫോമിലാണ്. എന്നാൽ, മദ്ധ്യനിര ബാറ്റ്സ്മാന്മാരുടെ മോശം ഫോമാണ് ഇന്ത്യൻ നായകൻ കോഹ്ലിയെ അലട്ടുന്നത്.
അതേസമയം, രണ്ടാം ഏകദിനത്തിലെ സെഞ്ചുറിയോടെ ജോ റൂട്ടും ഫോമിലേക്കു മടങ്ങിയെത്തിയതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര കൂടുതൽ കരുത്തരായി. ആദ്യ വിക്കറ്റിൽ തകർത്തടിച്ചു കളിക്കുന്ന ജാസൺ റോയ്–ജോണി ബെയർസ്റ്റോ സഖ്യം ഇംഗ്ലണ്ട് സ്കോർ ബോർഡിലേക്കു നൽകുന്ന സംഭാവന ചില്ലറയല്ല.
ആദ്യ മത്സരത്തിൽ ആധികാരിക ജയമായിരുന്നു ഇന്ത്യയുടേത്. രോഹിത് ശർമ്മയുടെ സെഞ്ച്വറിയുടെ മികവിൽ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. എന്നാൽ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ 86 റൺസിന് പരാജയപ്പെടുത്തുകയായിരുന്നു.