ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയം നവാസിനെയും ഇസ്ലാമാബാദിലെ ജയിലിലേക്ക് മാറ്റി. സിഹാല പൊലീസ് ട്രെയിനിംഗ് കോളേജിലെ റസ്റ്റ് ഹൗസ് സബ് ജയിലിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്.
ലണ്ടനിലായിരുന്ന ഷെരീഫിനെയും മകളെയും ജൂലൈ 13നാണ് അറസ്റ്റ് ചെയ്തത്. ആദ്യം ഇവരെ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് പ്രവേശിപ്പിച്ചത്. ബി ക്ലാസ് സൗകര്യങ്ങളാണ് ഇവിടെ ഇരുവര്‍ക്കും ലഭിച്ചിരുന്നത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് എ,ബി, ക്ലാസ് സൗകര്യങ്ങള്‍ പാകിസ്ഥാനിലെ ജയിലുകളില്‍ ലഭിക്കും.
പ്രധാനമന്ത്രിയായിരുന്ന 1990കളില്‍ അഴിമതിപ്പണം ഉപയോഗിച്ച് ലണ്ടനിലെ അവന് ഫീല്‍ഡ് ഹൗസില്‍ നാല് ഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്ന കേസിലാണ് എന്‍എബി കോടതി ഷെരീഫിന് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. മറിയത്തിന് ഏഴു വര്‍ഷം തടവാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഷെരീഫ് പ്രധാനമന്ത്രി പദം രാജിവക്കേണ്ടി വന്നത്.