കൊച്ചി: താരസംഘടനയായ അമ്മയും വുമണ്‍ ഇന്‍ സിനിമാ കളക്ടീവും തമ്മിലുള്ള ചര്‍ച്ച അടുത്ത മാസം ഏഴിന് കൊച്ചിയില്‍ നടക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നടിമാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്കിയ പാര്‍വ്വതി,പത്മപ്രിയ, രേവതി എന്നിവരെയാണ് അമ്മ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്.
അമ്മ പ്രതിസ്ഥാനത്തുള്ള നടന് ദിലീപിനെ സംരക്ഷിക്കുന്ന നിലപാടെടുത്തത് പുനപരിശോധിക്കണമെന്നാണ് കത്തിലൂടെ ഇവര്‍ ആവശ്യപ്പെട്ടത്. അമ്മയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നത്.
കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അമ്മ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ മാറ്റിയിരുന്നു. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ധാരണയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 4 പേര് അമ്മയുടെ പ്രാഥമിക അംഗത്വം രാജിവക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ വിഷയം അമ്മ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
പരാതി നല്‍കിയവരുമായി സംസാരിക്കുമെന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു.