ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയില്‍. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ കേന്ദ്രസര്‍ക്കാരിന് അവിശ്വാസ പ്രമേയം വെല്ലുവിളിയാകില്ല.
534 അംഗങ്ങളുള്ള സഭയില്‍ 312 എംപിമാരുടെ ഭൂരിപക്ഷമാണ് എന്‍ഡിഎക്കുള്ളത്. നിലവില്‍ ഇടഞ്ഞു നില്ക്കുന്ന ശിവസേന ഉള്‍പ്പെടെ ഉള്ള പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടുണ്ട്. അതേസമയം 141 പേരുടെ പിന്തുണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോക്സഭ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം പരിഗണിക്കുന്നത്. ടി.ഡി.പി. അംഗം കെ. ശ്രീനിവാസ് വെള്ളിയാഴ്ച രാവിലെ 11ന് അവതരിപ്പിക്കുന്ന പ്രമേയത്തെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ പിന്തുണയ്ക്കും. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി. അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.