കൊച്ചി: കെവിന് കൊലപാതകക്കേസില്‍ നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണ നടപടികളെ ബാധിയ്ക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗികരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കെവിന് കൊലപാതകക്കേസില്‍ മുഖ്യ സൂത്രധാരന്‍ ചാക്കോയാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പണവും മറ്റു സൗകര്യങ്ങളും മറ്റു പ്രതികള്‍ക്ക് ഒരുക്കികൊടുത്തത് ചാക്കോ ആയിരുന്നു. നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും പുറത്തു കൊണ്ട് വരാന്‍ ചാക്കോയുടെ കുടുംബം ശ്രമിക്കുന്നു. ചാക്കോ പുറത്തു വന്നാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ചാക്കോയുടെ ജാമ്യപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
അതേസമയം കഴിഞ്ഞ 50 ദിവസമായി ജയിലിലാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നുമായിരുന്നു ചാക്കോയുടെ വാദം. അച്ഛന് എന്ന നിലയില്‍ മകനെ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ചാക്കോ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെ ശക്തമായ വാദത്തെ തുടര്‍ന്ന് ജാമ്യഹര്‍ജി ഹൈക്കോടതി തള്ളുകയാണുണ്ടായത്.