Gulf

കുവൈറ്റില്‍ വീണ്ടും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സജീവമാകുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വീണ്ടും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സജീവമാകുന്നു. ഓയില്‍ കമ്പനിയിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് അനുമതി ലഭിച്ചെന്ന പേരിലാണ് തട്ടിപ്പ്. സാമൂഹ്യമാദ്ധ്യമങ്ങളില്‍ കാണുന്ന വ്യാജപരസ്യങ്ങളില്‍ കുടുങ്ങരുതെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി.

റിക്രൂട്ട്‌മെന്റിന് അനുമതി ലഭിച്ചെന്നു പറയുന്ന ഒരു സ്ഥാപനത്തിന്റെ പ്രതിനിധിയെ എംബസി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. എന്നാല്‍ റിക്രൂട്ട്‌മെന്റിന് അനുമതിയുണ്ടെന്ന് പറയപ്പെടുന്ന രേഖകളൊന്നും ഹാജരാക്കിയില്ല. ഏത് സ്ഥാപനത്തിനു വേണ്ടിയെന്നോ, എത്ര ഒഴിവുകളാണ് ഉള്ളത് എന്നതിനോ വ്യക്തമായ മറുപടി ഇയാളില്‍ നിന്നും ലഭിച്ചിട്ടില്ല.

കുവൈറ്റ് ഓയില്‍ കമ്പനിയിലേക്ക് നഴ്‌സുമാരുടെ കാര്യത്തില്‍ ടെന്ററുകള്‍ ക്ഷണിച്ചിരുന്നെങ്കിലും അന്തിമതീരുമാനം ആകുന്നതിനു മുൻപ് തന്നെ ഒഴിവുകളുണ്ടെന്നും കാണിച്ച് വ്യാപക പ്രചരണമാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ നടക്കുന്നത്. കമ്പനികളുടെ പേരില്‍ ചില ഇടനിലക്കാരാണ് ഇത്തരം പ്രചരണത്തിന് പിന്നില്‍.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന് കാണിച്ച് നഴ്‌സുമാരുടെ ബയോഡാറ്റ മന്ത്രാലയം സ്വീകരിക്കുന്നതായി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ത്രാലയത്തില്‍ അപേക്ഷകര്‍ എത്തിയതോടെയാണ് പരസ്യം വ്യാജമെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ സ്വകാര്യ ക്ലിനിക്കുകളിലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതിനായി ഇടനിലക്കാര്‍ 10 ലക്ഷത്തോളം രൂപ ആവശ്യപ്പെടുന്നതായാണ് അറിയുന്നത്.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ കുവൈറ്റിലെത്തി വഞ്ചിക്കപ്പെടുന്നവരുടെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇടനിലക്കാരന്‍ എന്ന് സംശയിക്കുന്ന ആളെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞത്. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

69 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close