ന്യൂഡൽഹി : ലോകസഭയിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.രാഹുലിന്റെ ആരോപണങ്ങൾ ഒന്നൊന്നായി എടുത്തുപറഞ്ഞാണ് മോദി മറുപടി നൽകിയത്.
“അധികാരത്തിൽ കയറാൻ ഇത്രയ്ക്കും തിടുക്കമെന്താണ് ? തിരഞ്ഞെടുപ്പ് ഇനിയും കഴിഞ്ഞിട്ടില്ല. ചർച്ചകളിവിടെ നടക്കുമ്പോൾ ഒരാൾ എന്നോട് വന്ന് ”ഉഠോ? ഉഠോ?”(എഴുന്നേൽക്കൂ, എഴുന്നേൽക്കൂ) എന്ന് പറഞ്ഞു. ആ വ്യക്തയോട് ഞാൻ ഒരുകാര്യം പറയാനാഗ്രഹിക്കുന്നു .ജനങ്ങളാണ് ഞങ്ങളെ തിരഞ്ഞെടുത്തത്. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നത്.നിങ്ങൾ ജനാധിപത്യത്തിൽ നിങ്ങൾ വിശ്വസിക്കണം. അവർ തീരുമാനിക്കും ഞാൻ എപ്പോൾ എഴുന്നേൽക്കണമെന്ന്.അതിനുമുന്നേ അധികാരത്തിലേറാൻ ആർക്കാണിത്ര തിടുക്കം. സർക്കാരിനെ താഴെയിറക്കാൻ എന്തിനാണിത്ര തിടുക്കം. ഇവിടെ ആകാശം ഇടിഞ്ഞുവീണോ? അതോ ഭൂകമ്പമുണ്ടായോ? നാലുവർഷം ചെയ്ത വികസനത്തിന്റെ പേരിലാണ് സഭയിൽ നിൽക്കുന്നത്.’’ – മറുപടി പ്രസംഗത്തിൽ മോദി പരിഹാസരൂപത്തിൽ പറഞ്ഞു.
“അവിശ്വാസവുമായി വരുന്നവർക്ക് ആദ്യം ഒപ്പമുള്ളവരെ വിശ്വാസം വേണം.സൈന്യത്തിന്റെ മിന്നലാക്രമണത്തെ നിങ്ങൾ പരിഹസിച്ചു. എന്നെ പരിഹസിച്ചോളു പക്ഷേ സൈനികരോട് അത് വേണ്ട .2019 ൽ പ്രധാനമന്ത്രിയാകാൻ ചിലർ കുപ്പായം തയ്ച്ചു വെച്ചിട്ടുണ്ട്”- രാഹുലിനെ പരിഹസിച്ചുകൊണ്ട് മോദിപറഞ്ഞു .
“എല്ലാവർക്കുമൊപ്പം വികസനത്തിനൊപ്പം ” ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം അത് യാഥാർഥ്യമാക്കിയിട്ടേ ഞങ്ങൾക്ക് വിശ്രമമുള്ളു എന്നും പ്രധാനമന്ത്രി തുറന്നടിച്ചു.