ന്യൂഡല്‍ഹി: ശശി തരൂര്‍ തുടരെ നടത്തുന്ന വിവാദപ്രസ്താവനകളില്‍ കടുത്ത അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി. അനാവശ്യപ്രസ്താവനകളും തെറ്റായ പ്രസ്താവനകളും ഒഴിവാക്കണമെന്നാണ് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തരൂരിന് വിമര്‍ശനം നേരിട്ടത്. തെറ്റായ പ്രസ്താവനകള്‍ നടത്തരുതെന്നും, അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയത്.
ഞാന്‍ വലിയ പോരാട്ടമാണ് നടത്തുന്നത്. എല്ലാവര്ക്കും പാര്‍ട്ടി ഫോറത്തില്‍ സംസാരിക്കാനുള്ള അവസരവുമുണ്ട്. അതേസമയം ഒരു മുതിര്‍ന്ന നേതാവ് തെറ്റായ പ്രസ്താവനകള്‍ നടത്തി പോരാട്ടത്തിന്റെ വീര്യം കുറക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്നും ഇവിടം ഹിന്ദു പാകിസ്ഥാനാകുമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ രൂക്ഷ വിമര്‍ശനമാണ് തരൂരിനെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. ഇതോടെ തരൂരിന്റെ ഈ പ്രസ്താവന നേരത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തള്ളിയിരുന്നു.
എന്നാല്‍ പ്രസ്താവന തിരുത്താനോ പിന്‍വലിക്കാനോ തരൂര്‍ തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രസ്താവനകളോട് അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ തന്നെ രംഗത്തെത്തിയത്.