ബംഗലുരു: നാളുകളായി തുറക്കാതിരുന്ന ക്ലബ്ബ് ലോക്കര്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് 550 കോടി രൂപയിലധികം മൂല്യം വരുന്ന സ്വത്തുക്കള്‍. ആഭരണങ്ങള്‍, സ്വര്‍ണം, പണം, ചെക്ക്, ചെക്ക് ബുക്കുകള്‍,സ്വത്തുക്കളുടെ പ്രമാണങ്ങള്‍ എന്നിവയെല്ലാം ലോക്കറിനുള്ളിലുണ്ടായിരുന്നു. ബംഗലുരുവിലെ ബോവറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലബ്ബിലാണ് സംഭവം.
റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ഗുജറാത്ത് സ്വദേശി അവിനാശ് അമര്‍ലാല്‍ ഉപയോഗിച്ചിരുന്ന ലോക്കറുകളില്‍ നിന്നാണ് കോടികളുടെ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടെത്തിയത്. 1993 മുതല്‍ അവിനാശ് ക്ലബ്ബിലെ അംഗമാണ്. എന്നാല്‍ കുറച്ചു നാളുകളായി സജീവമായിരുന്നില്ല. ലോക്കര്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് അവിനാശിന് ഒട്ടേറെ തവണ നോട്ടീസ് നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ ക്ലബ്ബ് ലോക്കറിനുള്ള വാടകയും നല്‍കിയിരുന്നില്ല.
വാടക നല്‍കാത്ത അംഗങ്ങള്‍ക്ക് എല്ലാം ഇമെയിലിലൂടെയും എസ്എംഎസിലൂടെയും നോട്ടീസ് അയച്ചു വരികയായിരുന്നു. ഇത്തവണയും നോട്ടീസ് അയച്ച് മറുപടി ഇല്ലാത്ത 126 ലോക്കറുകള്‍ തുറന്നു പരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ആകെ 672 ലോക്കറുകളാണ് ഇവിടെ ഉള്ളത്.
അങ്ങനെ നടത്തിയ പരിശോധനയിലാണ് അവിനാശിന്റെ പേരിലുള്ള മൂന്ന് ലോക്കറുകള്‍ തുറന്നത്. ഇതില്‍ ആറ് വലിയ സഞ്ചികളിലായാണ് പണവും ആഭരണങ്ങളും കണ്ടെത്തിയത്. ഉടനെ തന്നെ അധികൃതര്‍ പൊലീസിനെയും ആദായ നികുതി വകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു.