കുവൈറ്റ്: കുവൈറ്റിലെ ഖറാഫി നാഷണല്‍ കമ്പനിയില്‍ ശമ്പളവും ആനൂകൂല്യവും ലഭിക്കാതെ നാട്ടിലേക്ക് തിരിക്കേണ്ടിവന്ന എഴുന്നൂറോളം തൊഴിലാളികള്‍ക്ക് 250 കുവൈറ്റി ദിനാര്‍ നഷ്ടപരിഹാരത്തുകയായി നല്കാന് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചു. ഇതിനായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ തപാലില്‍ അയക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് മാന്‍പവര്‍ അതോറിറ്റിയില്‍ പരാതിപ്പെട്ട 710 തൊഴിലാളികള്‍ക്കാണ് 250 കുവൈറ്റ് ദിനാര്‍ നഷ്ടപരിഹാരമായി അനുവദിച്ചതെന്ന് എംബസി അറിയിച്ചു.
തൊഴിലാളികളുടെ ലിസ്റ്റും എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുവൈറ്റ് വിട്ടുപോകുന്നതിന് മുമ്പ് മന്ത്രാലയത്തില്‍ പരാതിപ്പെടാത്തവര്‍ അവരുടെ വിശദവിവരങ്ങള്‍ നല്കാന് ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗവുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
ഖറാഫി നാഷണല്‍ കമ്പനിയില്‍ രണ്ടായിരത്തോളം ഇന്ത്യന്‍ തൊഴിലാളികളായിരുന്നു ജോലി ചെയ്തു വന്നിരുന്നത്. ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാതിരുന്ന ഇവരുടെ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി. കെ സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രി തല സംഘം കഴിഞ്ഞ ജനുവരിയില്‍ കുവൈത്ത് സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
രണ്ടു വര്‍ഷക്കാലം ജോലി ചെയ്ത ശമ്പളവും വര്‍ഷങ്ങളൊളം ജോലി ചെയ്ത സര്‍വീസ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഖറാഫി നാഷണല്‍ തൊഴിലാളികള്‍ക്ക് മാന്‍ പവര്‍ അതോറിറ്റിയുടെ വക ചെറിയ ആശ്വാസം മാത്രമാണിത്.