അബുദാബി: ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഫംഗസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് പിസ്തയുടെ ഉപയോഗം സുരക്ഷിതമാക്കാന്‍ അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിച്ചു. യു.എ.ഇയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലൊന്നാണ് പിസ്ത. വറുത്തും പലതരം പലഹാരങ്ങളില്‍ ചേര്‍ത്തും ഇതുപയോഗിക്കുന്നുണ്ട്.
ആരോഗ്യത്തിന് ഹാനികരമാവുന്ന അല്ഫാടോക്സിന് എന്ന ഫംഗസ് ബാധ പിസ്തയുടെ കുരുവിലും പുറം തോടിലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിസ്തയുടെ ഉപയോഗം സുരക്ഷിതമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്മാര്ക്കറ്റുകളിലുമടക്കം പിസ്ത വിപണനം ചെയ്യുന്ന മുഴുവന്‍ കേന്ദ്രങ്ങളും അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വകുപ്പ് നിര്‍ദേശിച്ചു.
ചില പ്രത്യേകയിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പിസ്തയില്‍ ഫംഗസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജപ്പാനില്‍ പിസ്തയുടെ ഉപയോഗം നിയമം മൂലം നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യു.എ.ഇയും ഭക്ഷ്യസുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. പിസ്താ സാമ്പിളുകള്‍ ശേഖരിച്ച് സുരക്ഷ ഉറപ്പ് വരുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ദുബായ് മുന്‍സിപ്പാലിറ്റി സേഫ്റ്റി മാനേജര്‍ ഇമാന് അല്‍ ബസ്താക്കി പറഞ്ഞു.