മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുടുക്കാന്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം നല്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. കുത്തബ്ദ്ദീന്‍ ഹാതിംഭായ് എന്നയാളാണ് വിമാനത്താവളത്തിലേക്ക് വിളിച്ച് വ്യാജ സന്ദേശം നല്‍കിയത്. യെമന്‍ സ്വദേശിയായ യുവതിയുടെ ബാഗില്‍ ബോംബ് ഉണ്ടെന്നാണ് ഇയാള്‍ അധികൃതരെ വിളിച്ച് അറിയിച്ചത്.
26കാരിയായ യുവതിയുമായി മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്. വലിയ പണക്കാരനാണെന്ന ഭാവത്തിലാണ് കുത്തബ്ദ്ദീന്‍ യുവതിയോട് സംസാരിച്ചിരുന്നത്. അടുത്ത തവണ മുംബൈയില്‍ വരുമ്പോള്‍ പരസ്പരം കാണാമെന്നും ഇരുവരും തീരുമാനിച്ചിരുന്നു.
മുംബൈയില്‍ എത്തിയപ്പോള്‍ യുവതി കുത്തബ്ദ്ദീനെ നേരില്‍ കാണുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പറഞ്ഞത് പലതും കള്ളമാണെന്ന് മനസിലായതോടെ യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതില്‍ ക്ഷുഭിതനായാണ് യുവതിയുടെ ബാഗില്‍ ബോംബുണ്ടെന്ന് വിളിച്ചു പറയുന്നത്.
തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ ബോംബില്ലെന്ന് വ്യക്തമായി. യുവതിയെ കുത്തബ്ദ്ദീന്‍ വിളിച്ചിരുന്ന അതേ നമ്പറില്‍ നിന്ന് തന്നെയാണ് എയര്‍പോര്‍ട്ട് കണ്ട്രോള് റൂമിലേക്കും വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.