തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ ആറു പൊലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. സംഭവം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് കോടതി വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. കേസില്‍ ഒന്നും രണ്ടും മൂന്നും പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. നാല് മുതല്‍ ആറ് വരെ പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുമെന്നും കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതിയായ സോമന് വിചാരണക്കിടെ മരിച്ചിരുന്നു.
2005 സെപ്തംബര്‍ 27നാണ് മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുന്നത്. സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകളും ചൂണ്ടിക്കാണിച്ചിരുന്നു.
ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന് എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.