കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചു. മജിസ്ട്രേറ്റിന് മുന്നിലാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിനായി കോടതിയില്‍ അന്വേഷണസംഘം അപേക്ഷ നല്‍കും.
അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരില്‍ കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കരുതുന്ന എസ്.ഡി.പി.ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ ഫറൂക്ക് ബിലാല്‍, റിയാസ്, ആദില്‍ മുഹമ്മദ് എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധയരാക്കുക. അക്രമത്തില്‍ പരുക്കേററ അര്ജുന്, വിനീത് എന്നിവരുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാകും പരേഡില്‍ പങ്കെടുക്കുക.
അതേ സമയം കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ 14 പേരാണെന്നും ഇതില്‍ 9 പേര് കൂടി പിടിയിലാകാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. പിടിയിലാകാനുള്ള 9 പേരുടെയും പേരുവിവരങ്ങള്‍ നിലവില്‍ പിടിയിലായവരില്‍ നിന്നും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.