കൊച്ചി: കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ നിലവിലെ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. ജയപ്രസാദിനെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം പ്രൊഫസറായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് യോഗ്യതയില്ലാതെയാണെന്നും അതിനാല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം നല്‍കിയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ പ്രൊ വൈസ് ചാന്‍സലറായ ഡോ. കെ ജയപ്രസാദിനെ, ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് വിഭാഗം പ്രൊഫസറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് ചെറുപുഴ സ്വദേശി ഗോകുല്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജി തള്ളിയ കോടതി മൂന്ന് വര്‍ഷം മുമ്പ് നടന്ന നിയമനം ഇത്രയും വൈകി ചോദ്യം ചെയ്തതില്‍ അപാകതുണ്ടെന്ന് വിലയിരുത്തി.
നിയമനത്തില്‍ അപാകതയുണ്ടെങ്കില്‍ അന്നുതന്നെ ചോദ്യം ചെയ്യേണ്ടതായിരുന്നു. പിന്നീട് പ്രൊഫസറായി സ്ഥാനക്കയറ്റം നേടിയതിന് ശേഷം നേരത്തേ നടന്ന നിയമനം തെറ്റാണെന്ന് പറയുന്നത് നിലനില്‍ക്കില്ല. ഈ സാഹചര്യത്തില്‍ പ്രൊ വൈസ് ചാന്‍സലറോ പ്രൊഫസറോ ആകാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് വിധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2015 നവംബര്‍ 11-നാണ് ഡോ. ജയപ്രസാദ് അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെട്ടത്.
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഡോ. ജയപ്രസാദ് നേരത്തേ കൊല്ലം എസ് എന്‍ കോളേജില്‍ പൊളിറ്റിക്സ് വിഭാഗം അധ്യാപകനായിരുന്നു. ഇവിടെ ഡെപ്യൂട്ടേഷനില്‍ നിയമിതനായ അദ്ദേഹം പിന്നീട് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി സ്ഥിരനിയമനം നേടുകയായിരുന്നു. കേന്ദ്ര മാനവശേഷിമന്ത്രാലയം, യുജിസി ചെയര്മാന്, കേന്ദ്രസര്‍വകലാശാല, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ എന്നിവരും കേസില്‍ ഏതിര്കക്ഷികളായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്.