ന്യൂഡൽഹി : ഇടതു പാർട്ടികൾ പാണ്ഡവരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ബിജെപി കൗരവന്മാരാണ് . ഞങ്ങൾ പാണ്ഡവർ കൗരവരായ ബിജെപിയെ തോൽപ്പിക്കുമെന്നും സീതാറാം യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.
കൗരവർ നൂറു പേരുണ്ടെങ്കിൽ അതിൽ ആരെയൊക്കെ ഓർമ്മയുണ്ട് . ദുര്യോധനനും ദുശ്ശാസനനും. അതുപോലെയാണ് ബിജെപി. നരേന്ദ്രമോദിയും അമിത് ഷായുമാണ് ബിജെപിയെ നയിക്കുന്നത്. അവർ നയിക്കുന്ന കൗരവസേനയെ ഞങ്ങൾ തോൽപ്പിച്ചോടിക്കും. യെച്ചൂരി കൂട്ടിച്ചേർത്തു.
ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ കമ്മിറ്റി രൂപീകരിക്കാനുള്ള ബിജെപി തീരുമാനം കണ്ണിൽ പൊടിയിടലാണെന്ന് യെച്ചൂരി ആരോപിച്ചു. ബിജെപി ഭരണത്തിൽ വന്ന ശേഷം ത്രിപുരയിൽ അതിക്രമങ്ങൾ അരങ്ങേറുന്നുണ്ടെന്നും യെച്ചൂരി ആരോപിച്ചു. ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം